മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും. പള്ളിക്കൂടമുറ്റങ്ങളിൽ നിന്ന്
ഇന്നുമുതൽ അറിവിന്റെയും കൂട്ടുകൂടലിന്റെയും ആഹ്ലാദാരവങ്ങൾ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കൂൾ തുറക്കുംമുമ്പെ പാഠപുസ്തകം, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തെ സ്കൂളുകൾ വരവേൽക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉൗരൂട്ടമ്പലം ഗവ. എൽ.പി സ്കൂളിലെ ഒന്നാംതരത്തിൽ കഥപറഞ്ഞ് കുട്ടികളെ വരവേൽക്കും. പഠനാവശ്യത്തിനായി കേരളത്തിൽ നടന്ന ആദ്യ കലാപമായ കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ജില്ലതലം മുതൽ സ്കൂൾതലം വരെയും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ സർക്കാർ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടികൾക്ക് മികച്ച പ്രതികരണമുണ്ടായതോടെ ഇത്തവണ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. 200 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.