തിരുച്ചിയിൽ ആറ് കിലോമീറ്ററോളം ലോക്കോ പൈലറ്റില്ലാതെ ഡീസൽ എൻജിൻ ഒാടി. എതിർദിശയിൽ ട്രെയിനുകൾ വരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ ആറരക്കാണ് സംഭവം. എറണാകുളം-കാരയ്ക്കൽ ടീ ഗാർഡൻ എക്സ്പ്രസ് എത്താനിരുന്ന സമയത്താണിത്. തിരുച്ചി സ്റ്റേഷനിൽനിന്ന് കരൂർ വഴി ഇൗറോഡിലേക്ക് പോകേണ്ട പാസഞ്ചറിൻറ എൻജിൻ മാറ്റി പകരം എൻജിൻ പിടിപ്പിക്കുന്നതിനിടെയാണ് സംഭവം.
സാേങ്കതിക തകരാർ ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ ഉദയ്ശങ്കർ താഴെയിറങ്ങി പരിശോധിക്കുന്നതിനിടെയാണ് ഡീസൽ എൻജിൻ നീങ്ങി തുടങ്ങിയത്. തിരുച്ചി സ്റ്റേഷനിൽനിന്ന് കരൂർ റൂട്ടിൽ 30 കിലോമീറ്റർ വേഗതയിലാണ് എൻജിൻ ഒാടിയത്. ഇതോടെ തൊട്ടടുത്ത പാലക്കര, കോട്ട റെയിൽവേ സ്റ്റേഷനുകളിൽ വിവരമറിയിച്ചു. സിഗ്നൽ പോയൻറുകളിൽ അപകടം ഒഴിവാക്കാൻ ഗ്രീൻ സിഗ്നലിട്ടു. മുഴുവൻ റെയിൽവേ ലെവൽ ക്രോസുകളും അടച്ചിട്ടു.
റെയിൽവേ ജീവനക്കാർ ആരെങ്കിലും എൻജിനിൽ കയറിപ്പറ്റി ബ്രേക്കിടണമെന്നും സന്ദേശമയച്ചു. പാലക്കര സ്റ്റേഷനിൽ എൻജിൻ തടഞ്ഞിടാൻ നടത്തിയ ശ്രമം വിഫലമായി. തുടർന്ന് കോട്ട സ്റ്റേഷനിലെത്തിയപ്പോൾ എൻജിെൻറ വേഗത കുറഞ്ഞിരുന്നു. ഇൗ സമയത്ത് ജീവനക്കാർ ഒാടുന്ന എൻജിനിൽ കയറി ബ്രേക്കിട്ടു. കോട്ട സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെയാണ് എൻജിൻ നിന്നത്.