‘കടക്കൂ പുറത്ത്’ പിണറായി വിജയൻ മാധ്യമപ്രവർത്തകർക്കു നേരെ ആക്രോശിച്ചു.മസ്ക്കറ്റ് ഹോട്ടലിലാണ് സംഭവം. മുഖ്യമന്ത്രി കയർത്തത് വിവാദങ്ങളുടെ വെടിമരുന്നിന് തീ കൊളുത്തി. മാധ്യമപ്രവർത്തകർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രോഷപ്രകടനം നടത്താനിടയായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഹോട്ടൽ അധികൃതരിൽനിന്ന് വിശദീകരണം തേടി. മസ്ക്കറ്റ് ഹോട്ടലിലെ ജനറൽ മാനേജരേയും അസിസ്റ്റന്റ് മാനേജരേയും നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകർക്ക് സാധാരണ വിലക്ക് ഏർപ്പെടുത്താറില്ലെന്ന് ഹോട്ടൽ അധകൃതർ വിശദീകരിച്ചു. ഇവരിൽനിന്നും രേഖാമൂലം വിശദീകരണ കുറിപ്പ് കൂടി എഴുതി വാങ്ങിയ ശേഷമാണ് തിരിച്ചയച്ചത്.സിപിഎം- ബിജെപി സംഘട്ടനം രൂക്ഷമായ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര സമാധാന യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തക്കു നേരെയാണ് മുഖ്യമന്ത്രി കയർത്തത്. ഇന്നലെ രാവിലെ ഒൻപതരയോടെ മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഎം -ബിജെപി നേ താക്കളുടെ സമാധാന യോഗത്തിനു മുന്നോടിയായി ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരോടാണ് ‘കടക്കൂ പുറത്ത്’ എന്നു മുഖ്യമന്ത്രി ആക്രോശിച്ചത്. നിങ്ങളെയൊക്കെ (മാധ്യമ പ്രവർത്തകരെ) ആരാ ഇവിടേക്കു വിളിച്ചതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മാധ്യമപ്രവർത്തകർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ അനിഷ്ടമുണ്ട്.
അനാവശ്യമായ രോഷപ്രകടനമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തൽ. ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും തുടർന്ന് നടന്ന സമാധാന ചർച്ചയും കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. മെഡിക്കൽ കോഴ ഉൾപ്പടെയുള്ള ആരോപണങ്ങളുടെ പേരിൽ ബിജെപി പ്രതിരോധത്തിലായിരുന്ന സമയത്ത് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് സിപിഎമ്മിന് തിരിച്ചടിയായെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. സർക്കാരിനും പാർട്ടിക്കും അനുകൂലമായിട്ടുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കേന്ദ്ര നേതാക്കളുടെ വിമർശനം.