മലമ്പുഴ ഡാം തുറന്നു

malambhuzha

ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. ഇന്നലെ രാവിലെ 11.30നു ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10 മിനിറ്റ് വ്യത്യാസത്തില്‍ മൂന്ന് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അതുവഴി 312 ക്യുസെക്‌സ് (ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ്‌സ്) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. നിലവിലുളള ജലനിരപ്പ് 114.88 ല്‍ നിന്ന് 114.78 ആയി പത്ത് സെന്റീമീറ്റര്‍ കുറയുന്നതുവരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കുമെന്ന് മലമ്പുഴ ജലസേചനവകുപ്പ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എസ്. പത്മകുമാര്‍ അറിയിച്ചു. നാലുവര്‍ഷത്തിനുശേഷമാണ് മലമ്പുഴ ഡാം തുറക്കുന്നത്. ഷട്ടറുകള്‍ തുറന്നതിനാല്‍ കല്‍പ്പാത്തിപുഴ, മുക്കപ്പുഴ, ഭാരതപ്പുഴ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഡാം ഷട്ടറുകള്‍ തുറക്കുമ്പോൾ എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, ഷാഫി പറമ്ബില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡാം തുറക്കുമ്പോൾ കുട്ടികളുള്‍പ്പെടെ മൊത്തം 6319 സന്ദര്‍ശകരാണ് ഉദ്യാനത്തില്‍ ഉണ്ടായിരുന്നത്. 1,86,110 രൂപയാണ് സന്ദര്‍ശകരില്‍ നിന്നുളള വൈകീട്ട് വരെയുളള വരുമാനം. മലമ്പുഴയ്ക്കു പുറമെ പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്. അയിലൂര്‍ പുഴ, മംഗലം പുഴ, ഗായത്രി പുഴ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാം ഷട്ടറുകള്‍ തുറന്നതിന് ശേഷം നദി മുറിച്ച്‌ കടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.