സിദ്ധാര്‍ഥയെന്ന വ്യവസായിയുടെ പതനത്തിന്​ കാരണമായതെന്ത് ? റിപ്പോര്‍ട്ടുകള്‍ പുറത്ത്

കോണ്‍ഗ്രസ്​ നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറുമായുള്ള ബന്ധം കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ഥക്ക്​ തിരിച്ചടിയായെന്ന്​ റിപ്പോര്‍ട്ടുകള്‍. ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ്​ നേതാവായ എസ്​.എം കൃഷ്​ണയുമായി ഡി.കെ ശിവകുമാറിന്​ അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ്​ വിട്ട്​ കൃഷ്​ണ ബി.ജെ.പിയില്‍ എത്തിയെങ്കിലും ശിവകുമാര്‍ അദ്ദേഹവുമായും മരുമകന്‍ വി.ജി സിദ്ധാര്‍ഥയുമായുള്ള ബന്ധം നില നിര്‍ത്തിയിരുന്നു. ശിവകുമാറുമായുള്ള ഈ അടുത്ത ബന്ധം വി.ജി സിദ്ധാര്‍ഥയെന്ന വ്യവസായിയുടെ പതനത്തിന്​ കാരണമായെന്നാണ്​ സൂചന.

ഡി.കെ ശിവകുമാറും വി.ജി സിദ്ധാര്‍ഥയും തമ്മില്‍ ബന്ധമുണ്ടെന്ന്​ ആദായ നികുതി വകുപ്പ്​ കണ്ടെത്തിയിരുന്നു. 2017ല്‍ ഡി.കെ ശിവകുമാറിന്‍െറ വസതിയില്‍ റെയ്​ഡ്​ നടത്തിയപ്പോഴാണ്​ ഇരുവരേയും തമ്മില്‍ ബന്ധപ്പിക്കുന്നതിനുള്ള തെളിവുകള്‍ ആദായ നികുതി വകുപ്പിന്​ ലഭിച്ചതെന്നാണ്​ സൂചന​. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ കോണ്‍ഗ്രസ്​ എം.എല്‍.എമാരെ ഡി.കെ ശിവകുമാര്‍ രഹസ്യമായി ബംഗളൂരുവില്‍ എത്തിച്ചതിന്​ പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പ്​ ഡി.കെയുടെ വീട്ടില്‍ റെയ്​ഡ്​ നടത്തിയത്​.

ശിവകുമാറിന്​ സിദ്ധാര്‍ഥയുമായുള്ള ബന്ധം വ്യക്​തമായതോടെ ആദായ നികുതി വകുപ്പ്​ കോഫി ഡേ ഉടമയേയും ഹിറ്റ്​ലിസ്​റ്റില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന്​ സിദ്ധാര്‍ഥയുടെ വീട്ടിലും റെയ്​ഡുകള്‍ നടത്തി. കോഫി ഡേ പ്രതിസന്ധിയിലായപ്പോള്‍ റിയല്‍ എസ്​റ്റേറ്റ്​ സ്ഥാപനമായ മിന്‍ഡ്​ ട്രിയിലെ ഓഹരികള്‍ വിറ്റ്​ പരിഹാരം കാണാനുള്ള സിദ്ധാര്‍ഥയുടെ ശ്രമങ്ങള്‍ക്കും തടയിട്ടത്​ ആദായ നികുതി വകുപ്പായിരുന്നു. മിന്‍ഡ്​ ട്രീയി​ലെ 74.9 ലക്ഷം ഓഹരികള്‍ കണ്ടുകെട്ടിയാണ്​ സിദ്ധാര്‍ഥയുടെ നീക്കത്തിന്​ വകുപ്പ്​ തടയിട്ടത്​​. ആദായ നികുതി വകുപ്പിന്‍െറ ഈ നടപടി കൂടി ആയതോടെ കോഫി ഡേയും സിദ്ധാര്‍ഥയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു.

കര്‍ണാടക രാഷ്​ട്രീയത്തില്‍ കോണ്‍ഗ്രസ്​-ജെ.ഡി.എസ്​ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ചത്​ ഡി.കെ ശിവകുമാറിന്‍െറ ബുദ്ധിയായിരുന്നു. ശിവകുമാറിനെ വീഴ്​ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന്​ നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ശിവകുമാറിനായി ആദായ നികുതി വകുപ്പ്​ വിരിച്ച വലയില്‍ വി.ജി സിദ്ധാര്‍ഥ അറിയാതെ വന്ന വീഴുകയായിരുന്നുവെന്നാണ്​ ഇപ്പോള്‍ കര്‍ണാടക രാഷ്​ട്രീയത്തിലെ അണിയറ സംസാരം. ആദായ നികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ്​ തന്‍െറ അവസാന കത്തില്‍ വി.ജി സിദ്ധാര്‍ഥ ഉന്നയിച്ചിരിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ട വസ്​തുതയാണ്​.