സ്വകാര്യ ബസ് കണ്ടക്ടറുടെ പേഴ്‌സ് പോക്കറ്റടിച്ച കള്ളന്‍ 19,000 രൂപ കവര്‍ന്ന ശേഷം ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്റെ താക്കോലും പിറ്റേന്ന് ഉടമയ്ക്ക് തപാലില്‍ അയച്ചുകൊടുത്തു. മുണ്ടയാം പറമ്പിലെ പിജി ബാലകൃഷ്ണനാണ് പോക്കറ്റടിക്ക് ഇരയായത്. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. പണം എടുത്ത ശേഷം ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വീടിന്റെ താക്കോല്‍ എന്നിവ ഇയാളുടെ വിലാസത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു. പരിയാരത്ത് നിന്ന് ഇരിട്ടിയിലേക്കുള്ള ബസ് യാത്രക്കിടയിലാണ് കള്ളന്‍ ഇയാളുടെ പേഴ്‌സ് കവര്‍ന്നത്. പരിയാരത്ത് നിന്ന് രണ്ട് സ്റ്റോപ്പ് പിന്നിട്ട ശേഷമാണ് പേഴ്‌സ് നഷ്ടമായെന്ന് തിരിച്ചറിയുന്നത്. ബസ് ജീവനക്കാരും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പണവുമായി കള്ളന്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം എടൂര്‍ പോസ്റ്റ് ഓഫീസില്‍ രേഖകളും താക്കോലും തപാലിലെത്തിയത്. തളിപ്പറമ്പില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പോക്കറ്റടിച്ച കള്ളന്‍ രേഖകളും വീടിന്റെ താക്കോലും തപാലില്‍ അയച്ചുകൊടുത്തു
RELATED ARTICLES