ബാറുകളുടെ ദൂരപരിധി കുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിദ്യാലയങ്ങളേക്കാളും ആരാധനാലയങ്ങളേക്കാളും ബാറാണ് ആവശ്യമെന്ന സർക്കാർ നിലപാട് നാടിന് ഭീഷണിയാണ്. ബാറുകളുടെ ദൂര പരിധി 200 മീറ്ററിൽ നിന്ന് 50 മീറ്റർ ആക്കിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബാർ മുതലാളിമാരിൽ നിന്ന് കോടികൾ വാങ്ങിയതിന് പ്രത്യുപകാരമാണ് ഇപ്പോൾ ചെയ്ത് നൽകിയത്. യു.ഡി.എഫ് ഭരണ കാലത്ത് ബാർ ഇടപാടിൽ കോടികളുടെ അഴിമതി ആരോപിച്ച എൽ.ഡി.എഫ്, ഭരണം മുഴുവൻ മദ്യ രാജാക്കന്മാർക്ക് അടിയറ വെച്ചിരിക്കുകയാണെന്നും കുമ്മനം ആരോപിക്കുന്നു.
വിനോദ സഞ്ചാരികളുടെ സൗകര്യത്തിനായാണ് വിദ്യാലയങ്ങളുമായും ആരാധനാലായങ്ങളുമായും ബാറുകളുടെ ദൂര പരിധി കുറച്ചതെന്ന വാദം ബാലിശമാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ പത്തനംതിട്ട ഇടത്താവളത്തിന് തൊട്ടു മുന്നിൽ ബീവറേജസ് ഔട്ട്ലറ്റ് തുറന്നത് വിശ്വാസികളെ അവഹേളിക്കാനാണ്. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിണമാറണമെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.