ഗര്‍ഭിണിയായിരുന്ന മകളുടെ ശവശരീരം ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിതാവ് റിക്ഷയില്‍ വീട്ടിലേക്ക് കൊണ്ട് പോയി. ആംബുലന്‍സ് നിഷേധ സംഭവങ്ങള്‍ തുടര്‍കഥയാകുന്ന ഉത്തരേന്ത്യയില്‍ നിന്ന് തന്നെയാണ് ഈ പുതിയ വാര്‍ത്തയും. ഉത്തര്‍ പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് ഒരു പിതാവിന് തന്റെ മകളുടെ ശവശരീരം പേറി റിക്ഷയില്‍ സഞ്ചരിക്കുക എന്ന ക്രൂരമായ വിധി ഏറ്റു വാങ്ങേണ്ടി വന്നത്. ഝാന്‍സിയിലെ ഹമീര്‍പുറിലെ ശിവശരണ്‍ യാദവിന്റെ 19 വയസ്സായ ഗര്‍ഭിണിയായ മകള്‍ കഴിഞ്ഞയാഴ്ചയാണ് പ്രസവകാല ശ്രുശ്രൂഷകള്‍ക്കായി വീട്ടിലേക്ക് വന്നത്. വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ബുധനാഴച യുവതി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസ് ആണ് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുവാന്‍ യുവതിയുടെ കുടുംബം ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ കൈ മലര്‍ത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകുവാന്‍ ഇവിടെ നിന്നും വണ്ടി അനുവദിക്കാറില്ലെന്നും ശവശരീരം തിരിച്ച് വീട്ടിലേക്ക് എത്തിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം. അപ്പോഴേക്കും മൃതദേഹം കൊണ്ട് വന്ന പൊലീസുകാര്‍ സ്ഥലം കാലിയാക്കിയിരുന്നു. അധികൃതരോട് പല പ്രവശ്യം കേണപേക്ഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് മൃതദേഹം റിക്ഷയില്‍ കൊണ്ട് പോകാന്‍ പിതാവ് തീരുമാനിച്ചത്. ഒരു കൈ കോണ്ട് തന്റെ കണ്ണീര്‍ തുടച്ചും മറ്റെ കൈ മകളുടെ ശരീരത്തിന് മുകളില്‍ വെച്ചുമായിരുന്നു ആ പിതാവിന്റെ ഗ്രാമത്തിലേക്കുള്ള റിക്ഷ യാത്ര. ഭാര്യയും മരുമകനും റിക്ഷയെ കാല്‍ നടയായി അനുഗമിച്ചു. റിക്ഷ കടന്ന്പോകുന്ന വഴിയില്‍ ജനങ്ങള്‍ അത്യന്തം ഹൃദയ വേദനയോടെയാണ് ഈ കാഴ്ച കണ്ടത്.
ആംബുലന്‍സ് നിഷേധിച്ചു;ഗര്‍ഭിണിയുടെ ശവശരീരം സൈക്കിൾ റിക്ഷയില്‍ കൊണ്ട് പോയി
RELATED ARTICLES