Saturday, May 4, 2024
HomeKeralaതടവുകാരെ ഇനി മുതൽ നേരിട്ടു കോടതിയില്‍ ഹാജരാക്കില്ല പകരം വിഡിയോ കോണ്‍ഫറന്‍സിങ്

തടവുകാരെ ഇനി മുതൽ നേരിട്ടു കോടതിയില്‍ ഹാജരാക്കില്ല പകരം വിഡിയോ കോണ്‍ഫറന്‍സിങ്

തടവുകാരെ ഇനി മുതൽ നേരിട്ടു കോടതിയില്‍ ഹാജരാക്കില്ല പകരം വിഡിയോ കോണ്‍ഫറന്‍സിങ്. ഒക്ടോബര്‍ അവസാനത്തോടെ എല്ലാ ജയിലുകളിലും ഈ സംവിധാനം നിലവില്‍ വരുന്നതോടു കൂടി റിമാന്‍ഡ്
തടവുകാർ കോടതിയിൽ പോകേണ്ട ആവശ്യമില്ല .

ജയില്‍ വകുപ്പിന്റെയും കോടതിയുടെയും ഐടി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനം ഒരുക്കുന്നത് ബിഎസ്എന്‍എല്ലും ഉപകരണങ്ങള്‍ നല്‍കുന്നതു കെല്‍ട്രോണുമാണ്.

ദിവസം ശരാശരി 2000 പൊലീസുകാരാണു കോടതി ഡ്യൂട്ടി ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ റിമാന്‍ഡ് പ്രതികള്‍ പൊലീസുകാരെ അസഭ്യം വിളിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. പുതിയ സംവിധാനം വരുന്നതോടെ പൊലീസുകാരെ മറ്റു ഡ്യൂട്ടികള്‍ക്കായി വിന്യസിക്കാം. ഗതാഗതത്തിനു ചെലവാക്കുന്ന പണവും ലാഭിക്കാം.

ഹൈക്കോടതി ഉള്‍പ്പെടെ സംസ്ഥാനത്തെ 383 കോടതികളിലും 55 ജയിലുകളിലുമാണു പദ്ധതി നടപ്പിലാക്കുന്നത്. 25 കോടി രൂപയാണു ചെലവ്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനത്തിന് ബിഎസ്എന്‍എല്ലിന് രണ്ടു കോടിയും ഉപകരണങ്ങള്‍ നല്‍കുന്നതിനു കെല്‍ട്രോണിന് 23 കോടിയും നല്‍കണം. 450 സ്റ്റുഡിയോകള്‍ പദ്ധതിക്കായി ഒരുക്കും. കോടതികളിലെ ഹാളിലും ജയിലുകളില്‍ സൗകര്യമുള്ള മുറികളിലുമാണു സ്റ്റുഡിയോ നിര്‍മിക്കുന്നത്.

വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ജഡ്ജിക്കും പ്രതിക്കും പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. ജഡ്ജിയുടെ തീരുമാനം പ്രിന്ററിലൂടെ അപ്പോള്‍തന്നെ ജയിലില്‍ ലഭ്യമാകും.തുടക്കത്തില്‍ റിമാന്‍ഡ് പ്രതികള്‍ക്കു മാത്രമാണു വിഡിയോ കോണ്‍ഫറന്‍സിങ് നടപ്പിലാക്കുന്നത്. ഭാവിയില്‍ എല്ലാ കേസുകള്‍ക്കും വിഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്താനാണ് ആലോചന.

വിഡിയോ കോണ്‍ഫറന്‍സിങ് നടപ്പിലാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പരാജയപ്പെട്ടിരുന്നു. പുതിയ പദ്ധതി ആരംഭിച്ചത് ആറു മാസം മുന്‍പാണ്. കഴിഞ്ഞമാസം 28ന് എറണാകുളത്തു പദ്ധതി ഉദ്ഘാടനം ചെയ്യാനാണു തീരുമാനിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നതോടെ ചടങ്ങ് ഒഴിവാക്കുകയായിരുന്നു.

പൊലീസ് വകുപ്പിന് ഏറെ ആശ്വാസകരമാണു പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.കൊലക്കേസും കഞ്ചാവ് കേസും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എച്ച്ഐവി ബാധിതനായ തടവുകാരന്‍ സിഗററ്റ് വാങ്ങി നല്‍കാത്തതിനു പൊലീസുകാരെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ രണ്ടു മാസം മുന്‍പ് പ്രചരിച്ചിരുന്നു.

റിമാന്‍ഡ് നീട്ടാനായി തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതിയില്‍ എത്തിച്ചപ്പോഴാണു കൈമുറിച്ച് രക്തം പൊലീസുകാരുടെ ശരീരത്തിലൊഴിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച് ജയിലിലേക്കു കൊണ്ടുപോയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നു പൊലീസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments