ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. 10.34കോടി രൂപയുടെ അഴിമതി നടത്തിയതായാണ് പരാതി. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഡയറക്ടറുടെ ഉത്തരവ്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വിഡി സതീശന്‍ ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.
തന്റെ ബന്ധുക്കളെയാരെയും ഒരു പൊതു മേഖല സ്ഥാനത്തേക്കും നിയമിച്ചിട്ടില്ലെന്ന്മേഴ്‌സിക്കുട്ടിയമ്മ പറയുന്നു . കാഷ്യു കോര്‍പ്പറേഷന്‍ എംഡി ടിഎഫ് സേവ്യര്‍ ,മത്സ്യഫെഡ് എംഡി എ ലോറന്‍സ് എന്നിവര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുക്കളാണെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.ഇവരാരും തന്റെ ബന്ധുക്കളല്ല, ഇവര്‍ ബന്ധുക്കളാണെങ്കില്‍ കേരളത്തിലെല്ലാവരും തന്റെ ബന്ധുക്കളാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ എങ്ങനെയാണ് ഇവര്‍ തന്റെ ബന്ധുക്കളായതെന്ന് വ്‌യക്തമാക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
ഇതിനിടെ വിജിലന്‍സ് ത്വരിത പരിശോധനയുടെ പശ്ചാത്തലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമോയെന്ന് എല്‍.ഡി.എഫ് തീരുമാനിക്കട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ ത്വരിത പരിശോധന വന്നപ്പോള്‍തന്നെ അവര്‍ രാജിവെക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് ഉന്നയിച്ചിരുന്നു. ആ നിലപാട് തന്നെയാണോ ഇപ്പോഴും ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം എന്ന് സതീശൻ കൂട്ടിച്ചേർത്തു .