ലോക്‌സഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമായതായും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍. ഈമാസം ആറോടെ സീറ്റു വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്ന മുസ്‌ലിംലീഗ്-കോണ്‍ഗ്രസ്സ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദമായി ചര്‍ച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്ര, മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന പദയാത്ര, കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടന്ന ജാഥ എന്നിവയെല്ലാം വന്‍ വിജയമായതായി ചര്‍ച്ച വിലയിരുത്തി.
ജാഥകളിലെ വന്‍ ജനപങ്കാളിത്തം സംസ്ഥാനത്ത് മുന്നണിക്ക് കേരളത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യമാണെന്ന് വ്യക്തമാക്കുന്നു. മുസ്‌ലിംലീഗുമായി ഉഭയകക്ഷി ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നു. നാളെ കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ഉഭയ കക്ഷി ചര്‍ച്ച നടക്കും. നാലിന് രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഒറ്റക്കെട്ടായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
ആറിന് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തില്‍ ഉഭയകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈകൊള്ളുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നും യു.ഡി.എഫിലോ മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലോ ഇല്ല. ചര്‍ച്ച സൗഹാര്‍ദ്ദ പരമായിരുന്നു. ആറിലെ യോഗത്തിനു ശേഷം കോണ്‍ഗ്രസ് -മുസ്‌ലിംലീഗ് നേതാക്കള്‍ പരസ്പരം ആശയ വിനിമയം നടത്തി ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളില്‍ വേഗത്തില്‍ വ്യക്ത വരുത്തും. യു.ഡി.എഫില്‍ വിശ്വാസം അര്‍പ്പിച്ചവരെ നിരാശരാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണി രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിന്റെ ബന്ധമാണ് കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും തമ്മിലുള്ളതെന്നും ഇതില്‍ ഉലച്ചില്‍ തട്ടാതെ മുന്നോട്ടു പോകുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബാഫഖി തങ്ങള്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് യു.ഡി.എഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍, മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എന്നിവരും സംബന്ധിച്ചു.
തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമായി; ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ
RELATED ARTICLES