Friday, October 4, 2024
HomeKeralaഎസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പറും മലപ്പുറത്തെ സ്വകാര്യസ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറും തമ്മില്‍ സാമ്യം കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ചോദ്യപേപ്പറിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എസ്‌സിഇആര്‍ടിയുടെ പങ്കും അന്വേഷിക്കണം. കണക്ക് പരീക്ഷാ വിവാദത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ വകുപ്പുതല അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ഗുരുതരമായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം കൂടി നടത്തുന്നതാണ് ഉചിതമെന്നാണ് വിദ്യാഭ്യാസവകുപ്പ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ത്തിയ അധ്യാപകന്‍ സുജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിന്റെ തലവന്‍ കെ ജി വാസുവിനെ പരീക്ഷ മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കുകയും ചെയ്തു. വിരമിച്ച അധ്യാപകനായതിനാലാണ് വിലക്കിയത്. എസ്എസ്എല്‍സി കണക്കുപരീക്ഷയുടെ 16 ചോദ്യങ്ങള്‍ മലപ്പുറത്തെ മെറിറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാതൃക പരീക്ഷ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വന്‍വിവാദമായതോടെ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിന് പിന്നാലെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments