ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തിൽ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിധിയിൽ വ്യക്തത തേടി ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഡിജിപിമാരെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവു കോടതി റദ്ദാക്കിയിരുന്നു.
സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സെൻകുമാറിനെ പൊലീസ് മേധാവിയായി യുഡിഎഫ് സർക്കാർ നിയമിച്ചതു ക്രമവിരുദ്ധമായാണെന്ന് എൽഡിഎഫ് സർക്കാർ സത്യവാങ്‌മൂലത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ നടപടി അന്യായവും തോന്നുംപടിയുള്ളതുമാണെന്നു കോടതി വിലയിരുത്തി.
തന്നെ പൊലീസ് മേധാവിസ്‌ഥാനത്തുനിന്നു മാറ്റിയ നടപടിയെ ആദ്യം കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിലാണ് സെൻകുമാർ ചോദ്യം ചെയ്‌തത്. അനുകൂല വിധി ലഭിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും ഫലം പ്രതികൂലമായപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്. സെൻകുമാറിനെ 2015 മേയ് 22ന് ആണു പൊലീസ് മേധാവിയായി നിയമിച്ചത്. കേരള പൊലീസ് നിയമത്തിൽ പറയുന്ന രണ്ടു വർഷത്തെ കാലാവധി ഭദ്രതയനുസരിച്ചാണെങ്കിൽ, അടുത്ത മാസം 21വരെ പൊലീസ് മേധാവിയായി തുടരാമായിരുന്നു. എന്നാൽ, ആ പദവിയിൽനിന്നു മാറ്റാൻ കഴിഞ്ഞ മേയ് 27നു മുഖ്യമന്ത്രി തീരുമാനിച്ചു. അതേമാസം 30നു തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.