Wednesday, December 4, 2024
HomeNationalപശുക്കൾക്ക് ആംബുലൻസ്; മകന്‍റെ മൃതദേഹവും തോളിലിട്ട് നടക്കുന്ന പിതാവിന്‍റെ ചിത്രം മായുന്നതിനു മുമ്പേ

പശുക്കൾക്ക് ആംബുലൻസ്; മകന്‍റെ മൃതദേഹവും തോളിലിട്ട് നടക്കുന്ന പിതാവിന്‍റെ ചിത്രം മായുന്നതിനു മുമ്പേ

സർക്കാർ ആശുപത്രിയിൽ വച്ച് മരിച്ച മകന്‍റെ മൃതദേഹവും തോളിലിട്ട് നടക്കുന്ന പിതാവിന്‍റെ ചിത്രം മനസ്സിൽ നിന്ന് മായുന്നതിനു മുമ്പേ ഉത്തർപ്രദേശിൽ പശുക്കൾക്ക് മാത്രമായി ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. യോഗി ആദിത്യനാഥ് സർക്കാരാണ് സംസ്ഥാനത്ത് പശുക്കൾക്ക് മാത്രമായി ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്.
സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കൾക്ക് വേണ്ടിയുള്ള ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവംശ് ചികിത്സാ മൊബൈൽ വാൻസ് സർവീസ് എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആംബുലൻസിൽ ഒരു വെറ്റിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ലക്നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലും ഈ ആംബുലൻസുകൾ പ്രവർത്തിക്കും. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായുള്ള മസ്ദൂർ കല്യാൺ സംഗതൻ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലൻസുകൾ പുറത്തിറക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ ആശുപത്രിയിൽ വെച്ച്​ മരിച്ച പുഷ്​പേന്ദ്രയെന്ന കൗമാരക്കാര​നെ ഗ്രാമത്തിലേക്ക്​ കൊണ്ടുപോകാൻ ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്ന്​ പിതാവ്​ ഉദയ്​വീർ മൃതദേഹവും ചുമന്ന്​ നടന്നത്​. കാലുവേദനയെ തുടർന്നാണ്​ മകനെ ഗ്രാമത്തിൽ നിന്നും ഏഴുകിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്​. എന്നാൽ ഡോക്​ടർമാർ പരിശോധിച്ച്​ കുട്ടി മരിച്ചെന്ന്​ അറിയിക്കുകയായിരുന്നു.
എന്നാൽ, കുട്ടിയെ വിശദമായി പരിശോധിക്കാൻ പോലും ഡോക്​ടർമാർ തയാറായില്ലെന്നും മൃതദേഹം ആശുപത്രിയിൽ നിന്ന്​ ഉടൻ മാറ്റണമെന്നും​ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാവപ്പെട്ടവർക്ക്​ അനുവദിക്കുന്ന സൗജന്യ ആംബുലൻസ്​ സേവനം പോലും തനിക്ക് അനുവദിച്ചില്ലെന്ന് ഉദയ്​വീർ പറഞ്ഞു. ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഉദയ്​വീർ കുട്ടിയെ ചുമന്ന്​ ആശുപത്രിയിൽ നിന്ന്​ പുറത്തു കൊണ്ടുവരികയും പിന്നീട്​ ബൈക്കിൽ വെച്ച്​ ഗ്രാമത്തിലേക്ക്​ കൊണ്ടു പോവുകയുമായിരുന്നു.

യോഗി ആദിത്യ നാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്തെ പശുക്കൾക്ക് നല്ല കാര്യമാണ്. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ദിവസങ്ങൾക്കുള്ളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി അറവുശാലകൾക്ക് പൂട്ടിടാൻ യോഗി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പശുക്കൾക്കായി ആംബുലൻസ് സർവീസും സർക്കാർ ആരംഭിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments