Monday, October 14, 2024
Homeപ്രാദേശികംവൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി:വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ

വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി:വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ

വൃദ്ധമാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തതിനു ശേഷം അവരെ മക്കള്‍ പീഡിപ്പിക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്വത്തു ഭാഗം ചെയ്യുമ്ബോള്‍ മാതാപിതാക്കള്‍ സ്വന്തം പേരില്‍ കൂടി നീക്കി വയ്ക്കണം. മക്കള്‍ സംരക്ഷിക്കാതെ വന്നാല്‍ സ്വന്തം പേരിലുള്ള വസ്തു ബാങ്കില്‍ പണയപ്പെടുത്തി കിട്ടുന്ന തുക ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയും ഇതില്‍ നിന്നും മാസത്തില്‍ ഇവരുടെ ചെലവിനായി നിശ്ചിത തുക ലഭ്യമാകുന്ന സംവിധാനം നിലവിലുണ്ട്.

ലോണ്‍ തിരിച്ചടയ്ക്കാതെ വന്നാലും ജപ്തി ചെയ്യുകയോ വീട്ടില്‍ നിന്നും ഇറക്കി വിടുകയോ ചെയ്യില്ല. എന്നാല്‍ മാതാപിതാക്കളുടെ മരണശേഷം മക്കള്‍ക്ക് വസ്തു വേണമെന്നുണ്ടെങ്കില്‍ തുകയും പലിശയും അടച്ചു തിരിച്ചെടുക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

ജില്ലയിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വൃത്തിഹീനമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന പരാതി ലഭ്യമായിട്ടുണ്ടെന്നും ഇത്തരം സ്കൂളുകളില്‍ അപ്രതീക്ഷത സന്ദര്‍ശനം നടത്തി നിജസ്ഥിതി പരിശോധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്നലത്തെ അദാലത്തില്‍ ലഭിച്ച ഭൂരിഭാഗം പരാതികളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ളതായിരുന്നു. ആകെ 47 പരാതികളാണ് പരിഗണനയ്ക്കെത്തിയത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു.അടുത്ത അദാലത്തില്‍ 24 പരാതികള്‍ വീണ്ടും പരിഗണിക്കും.

അദാലത്തില്‍ വനിതാ കമ്മീഷന്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ്‌കുമാര്‍, എസ്.ഐ ഹനീസ ബീവി, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ.സീമ, അഡ്വ.സബീന, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ലക്ഷ്മി മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ യു.അരുണ്‍ കുമാര്‍, കൗണ്‍സില്‍മാരായ ശാന്തി .ജി.നായര്‍, ഒബിനി സൂസന്‍ ചാക്കോ, അഖിലാമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments