Monday, May 6, 2024
HomeKeralaലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിൽ-അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന

ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിൽ-അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന

ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലുണ്ടായ പ്രളയമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന.

മരണസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലാണ് കേരളത്തിലെ പ്രളയം ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത്. സാമ്പത്തിക നഷ്ടത്തിന്‍റെ കണക്കെടുപ്പില്‍ 2018ലെ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് കേരളത്തിൽ ഓഗസ്റ്റിലുണ്ടായ പ്രളയം. അമേരിക്കയിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് സാമ്പത്തിക നഷ്ടത്തിന്‍റെ കണക്കെടുപ്പില്‍ ഒന്നാമത്.

30,000 കോടിയുടെ നഷ്ടവും 483 പേരുടെ ജീവഹാനിയുമാണ് പ്രളയം ഉണ്ടായെന്നാണ് സർക്കാർ കണക്കുകൾ. 1924ൽ കേരളം കണ്ട വെള്ളപ്പൊക്ക കെടുതിയെക്കാളും ദുരിതപൂർണമായ ഒന്നായിരുന്നു 2018ല്‍ സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാക്കിസ്ഥാനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്‍റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കേരളത്തിന് തൊട്ടുപിന്നിലുള്ള ജപ്പാനില്‍ ജൂണ്‍ ജൂലൈ മാസങ്ങളിലുണ്ടായ പ്രളയത്തില്‍ 230 പേര്‍ മരിച്ചു. സെപ്റ്റംബറില്‍ നൈജീരിയയിലുണ്ടായ പ്രളയത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ മരിച്ചു. 75 പേരെ കാണാതായി. പാക്കിസ്ഥാനിലെ ഉഷ്ണതരംഗത്തില്‍ 65 പേരാണ് മരിച്ചത്.

വീട്, കൃഷിനാശമുള്‍പ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തുന്നു. എന്നാല്‍, കേരളത്തില്‍ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജല കമ്മീഷന്‍റെ വിലയിരുത്തല്‍.

എന്നാല്‍, നഷ്ടം ഇതിലെത്രയോ അധികമാണെന്ന് ലോകബാങ്കും യു.എന്നും സംസ്ഥാന സര്‍ക്കാരും കണക്കാക്കുന്നു. ലോകബാങ്കും യു.എന്നും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 31,000 കോടിരൂപയുടെ നഷ്ടം സൂചിപ്പിക്കുന്നു. യഥാര്‍ഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 33 ലക്ഷംപേരുടെ തൊഴിലവസരങ്ങളെ പ്രളയം പ്രതിസന്ധിയിലാക്കിയെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്‌സ് എന്ന കാലാവസ്ഥാ ഗവേഷണസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാമാറ്റമാണ് കേരളത്തില്‍ അസാധാരണ മഴയ്ക്കിടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും റിപ്പോര്‍ട്ടുചെയ്തിരുന്നു. ലോക കാലാവസ്ഥാസംഘടനയാണ് (ഡബ്ല്യുഎംഒ) ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments