ശിശുക്ഷേമ കേന്ദ്രത്തിലെ കുരുന്നുകള്‍ക്കായി സംഭാവന നല്‍കി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍

ശിശുക്ഷേമ സമിതിയുടെ ഓമല്ലൂര്‍ ഐമാലിയിലെ ശിശുക്ഷേമ കേന്ദ്രത്തിനു നല്‍കുന്നതിന് ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ സമാഹരിച്ച 51,000 രൂപ രാജു എബ്രഹാം എം.എല്‍.എ ശിശുക്ഷേമ കേന്ദ്രത്തിന്റെ ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ക്ക് കൈമാറുന്നു.

ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഓമല്ലൂര്‍ ഐമാലിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ കേന്ദ്രത്തില്‍ ഈ മാസത്തെ നടത്തിപ്പിനായുള്ള തുക ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും നല്‍കി മാതൃകയായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ പിരിച്ചെടുത്ത തുക രാജു എബ്രഹാം എം.എല്‍.എ ശിശുക്ഷേമ കേന്ദ്രത്തിന്റെ ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ക്ക് കൈമാറി.51,000 രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്.  ശിശുക്ഷേമ കേന്ദ്രത്തിന് ഒരു മാസത്തെ ചെലവ് 50,000 രൂപയാകും. 12 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും അടക്കം 15 കുട്ടികളാണു ശിശുക്ഷേമ കേന്ദ്രത്തിലെ അന്തേവാസികള്‍. ഇവരില്‍ ഒന്നര വയസു മുതല്‍ ഏഴു വയസുവരെ പ്രായമുള്ള കുട്ടികളാണുള്ളത്. ശിശുക്ഷേമ കേന്ദ്രത്തിന്റെ നടത്തിപ്പിനു തുക സമാഹരിക്കുന്നതിനായി സുമനസുകളുടെ സഹായം തേടാന്‍ ജില്ലാ ശിശുക്ഷേമകേന്ദ്രം മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.എ.ഡി.എം അലക്സ് പി.തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍ കുമാര്‍, എ.ഡി.സി(ജനറല്‍) കെ.കെ വിമല്‍ രാജ്, എഡിസി(പിഎ) വിനോദ് കുമാര്‍, ജില്ലാ തല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു