ഇ.അഹമ്മദ് ചൊവ്വാഴ്ചതന്നെ മരിച്ചിരുന്നു എന്ന് പി.വി. അബ്ദുൽ വഹാബ് എംപി
മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റി’ലാണ് മുസ്‍ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബിന്റെ നിർണായകമായ വെളിപ്പെടുത്തൽ. പാർലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു തൊട്ടു പിന്നാലെ തന്നെ അദ്ദേഹം മരിച്ച കാര്യം അറിഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയിൽ നിന്നാണ് ഈ വിവരം താൻ അറിയുന്നത്. കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ചു അന്വേഷണം വന്നാൽ കാര്യങ്ങൾ വ്യക്തമാക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ പറയുന്നത് ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥി മോശമായിരുന്നു കൊണ്ടാണ് സന്ദർശകരെ അനുവദിക്കാതിരുന്നത്. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ കഴമ്പില്ലെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ഈ വിഷയത്തിൽ ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യറാണെന്നു അദ്ദേഹം വ്യക്തമാക്കി.