കശ്മീരിലെ ബരാമുള്ളയിൽ ജയിലിനുള്ളിൽ വിഘടനവാദികളുടെ സംഘം സജീവമായി പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി . സംസ്ഥാനത്ത് സംഘർഷമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 16 മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം ജയിലിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഇതിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് കണ്ടെത്തിയത്. പാക്കിസ്ഥാനിൽനിന്ന് എത്തിയതെന്നു കരുതുന്ന ചില വാട്സാപ്പ് കോളുകളിൽനിന്നുള്ള വിവരങ്ങൾ മനസിലാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ബാരമുള്ള എസ്എസ്പി ഇംതിയാസ് ഹുസൈൻ പറഞ്ഞു.
2010ൽ കശ്മീരിലുണ്ടായ സംഘർഷങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ കയ്യിൽനിന്നാണ് രണ്ടുഫോണുകൾ കണ്ടെത്തിയത്. 2015ൽ പിഡിപി അധികാരത്തിലെത്തിയപ്പോൾ ഇയാളെ മോചിപ്പിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്ന് വീണ്ടും അറസ്റ്റു ചെയ്തു.
ജയിലിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി ഭീകരർ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ സഹോദരങ്ങളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ഇതേത്തുടർന്നാണ് പരിശോധന നടത്തിയത്.