മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപയായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം. ഇത് ജാമ്യമില്ലാത്ത കുറ്റവുമായിരിക്കും. ഇത്തരത്തിലുള്ള കുറ്റങ്ങളെ ബോധപൂര്‍വമുള്ള നരഹത്യയായി പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് റോഡ്ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളെ ഇനി മുതല്‍ അശ്രദ്ധ കൊണ്ടുള്ള സംഭവമായി പരിഗണിക്കില്ല. മറിച്ച് കരുതിക്കൂട്ടി ചെയ്ത കുറ്റമായി കണക്കാക്കുകയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം വിചാരണയിലേക്ക് നീങ്ങുകയും ചെയ്യും. ഐപിസി 299-ാം വകുപ്പാണ് ബോധപൂര്‍വമുള്ള നരഹത്യയെ നിര്‍വചിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടത്തെ തുടര്‍ന്ന് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഈ വകുപ്പുപ്രകാരമായിരിക്കും കേസ്.

ഹെല്‍മറ്റ് കൂടാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള പിഴ 1000 രൂപയായി വര്‍ധിപ്പിച്ചു. മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പിഴ വ്യവസ്ഥ സമാനമാണ്. ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നതിനുള്ള പിഴത്തുക ആയിരത്തില്‍നിന്ന് അയ്യായിരമായി ഉയര്‍ത്തി.

പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടിയോടിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ഇവര്‍ വണ്ടിയോടിച്ച് അപകടം സംഭവിച്ചാല്‍ കുടുംബത്തിലുള്ളവര്‍ 25,000 രൂപ പിഴ നല്‍കേണ്ടി വരും. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. നാലുവയസ്സിനു മുകളിലുള്ള കുട്ടികള്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം.

റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അമ്പതിനായിരത്തില്‍നിന്ന് പത്തുലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റാല്‍ അഞ്ചുലക്ഷം രൂപ വരെ ലഭിക്കാം.നേരത്തെ 25,000 രൂപയായിരുന്നു വ്യവസ്ഥ. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരം എടുത്തുമാറ്റി. വണ്ടിയിടിച്ചശേഷം നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ മരണമാണ് സംഭവിക്കുന്നതെങ്കില്‍ രണ്ടുലക്ഷവും പരിക്കേറ്റാല്‍ അമ്പതിനായിരവും ലഭിക്കും.

ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ തേര്‍ഡ് പാര്‍ടി ബാധ്യതയ്ക്കുള്ള പരിധി എടുത്തുകളയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാഹനങ്ങളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും ഒരു ദേശീയ രജിസ്റ്ററിന് കേന്ദ്രം രൂപം നല്‍കും. ഇരട്ടിപ്പ് ഒഴിവാക്കാനാണിത്. എന്‍ജിനോ ഘടകങ്ങളോ നിലവാരമില്ലാത്തതാണെങ്കില്‍ വാഹനം തിരിച്ചുവിളിക്കുന്നതിന് കേന്ദ്രത്തിന് അധികാരമുണ്ട്. ഇത്തരം കേസുകളില്‍ വാഹനനിര്‍മാതാക്കളില്‍നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കും.