യുവനടി അതിക്രമത്തിന് ഇരയായ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക് . കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ കേസിൽ ദിലീപ്, നാദിർഷാ എന്നിവർക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യും. ചില ശാസ്ത്രീയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മാഡം ആരാണെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ദിലീപും നാദിർഷായും ചോദ്യ ചെയ്യലിൽ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് എന്നാണ് വിവരം. പൾസർ സുനിയുടെ ഫോൺ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താൻ പറഞ്ഞതെന്നാണ് നാദിർഷാ മൊഴി നൽകിയിരുന്നത്. അതേസമയം തന്റെ ലൊക്കേഷനുകളിൽ ഒന്നും പൾസർ സുനി എത്തിയിട്ടില്ല. തനിക്ക് പൾസർ സുനിയെ അറിയില്ല തുടങ്ങിയ നിലപാടാണ് ദിലീപ് സ്വീകരിച്ചിരുന്നത്. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം “ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
സുനിൽ കുമാറിനെ പരിചയമില്ലെന്ന നാദിർഷായുടെ മൊഴിയിലും അവ്യക്തയുണ്ടെന്നാണ് വിവരം. ജയിലിൽ നിന്ന് സുനിൽകുമാർ നാദിർഷായെ മൂന്നുതവണ വിളിച്ചുവെന്നു തെളിവ് ലഭിച്ചു. ഇതിന്റെ ഫോണ് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു കോൾ എട്ട് മിനിറ്റ് നീണ്ടുവെന്നാണ് റിപ്പോർട്ട്. നിർണായക ഫോണ് വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. അതേസമയം, നടിയെ പ്രതി പർസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതിന്റേതെന്നു കരുതുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചെന്നാണു വിവരം.
കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും ആവശ്യമായ ഘട്ടത്തിൽ അറസ്റ്റുണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കേസിൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല. അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ മാത്രമേ ഉണ്ടാകൂ. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ പറഞ്ഞു. കേസിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നൽകിയിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ നിർണായക അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണം അന്വേഷണത്തിനു നേതൃത്വം നൽകുന്നതിനായി കൊച്ചിയിലെത്തിയ ക്രൈംബ്രാഞ്ച് നോർത്ത് സോണ് ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലാകും തുടർ നടപടികൾ.