കെഎസ്‌യു സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ചോരയില്‍ മുക്കികൊല്ലാനാണ് പോലീസ് ശ്രമം- ചെന്നിത്തല

ramesh chennithala

കെഎസ്‌യു സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ചോരയില്‍ മുക്കികൊല്ലാനാണ് പോലീസ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥികള്‍ക്ക് നേരെ നിഷ്ഠൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ തലയ്ക്കു ഒരു കാരണവശാലും അടിക്കരുത് എന്ന് താന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാലിപ്പോള്‍ ഇരുമ്ബാണി കയറ്റിയ ലാത്തി കൊണ്ടാണ് കുട്ടികളുടെ തലയ്ക്ക് പോലീസ് അടിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജെസ്‌ന തിരോധാനം സിബിഐയ്ക്ക് വിടുക, കേരള സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവം അവസാനിപ്പിക്കുക, പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കുറയ്ക്കുക, നീറ്റ് അട്ടിമറി നടത്താന്‍ ശ്രമിക്കുന്ന കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. മാര്‍ച്ചിനെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെഎസ്‌യു പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.