കോഴിക്കോട്ട് ചേര്‍ന്ന ദേശീയ കൌണ്‍സിലിനുവേണ്ടി വ്യാജ രസീത് അടിച്ച് പണംപിരിച്ചത് പുറത്തായ വൈരാഗ്യത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റിനെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജില്‍ കൊമേഴ്സ് അധ്യാപകനും ബിജെപി മയ്യന്നൂര്‍ ബൂത്ത് പ്രസിഡന്റുമായ തടത്തില്‍ ശശികുമാറിനെയാണ് കോളേജ് ഓഫീസില്‍ രണ്ടുമണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി പി മുരളി, ജനറല്‍ സെക്രട്ടറി ഇടക്കുടി മനോജ്, പ്രിബേഷ് പൊന്നക്കാരി, മാങ്ങില്‍ കെ രജീഷ്, ഒതയോത്ത് സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശശികുമാറിനെയും കോളേജിലെ അക്കൌണ്ടന്റ് വിനോദിനെയും ഓഫീസ് മുറിയില്‍ ബന്ദികളാക്കി മര്‍ദ്ദിച്ച് വധഭീഷണി മുഴക്കിയത്. ഇവരടക്കം 15 പേര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് സംഭവം. കോളേജില്‍നിന്ന് 20,000 രൂപ തട്ടിയെടുക്കാന്‍ ബിജെപി നേതാക്കള്‍ ഉപയോഗിച്ച വ്യാജരസീതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് താനും വിനോദുമാണെന്ന് ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങുകയായിരുന്നെന്ന് ശശികുമാര്‍ ‘ദേശാഭിമാനി’യോട് വെളിപ്പെടുത്തി. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇരുവരെയും ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
2016 സെപ്തംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടന്ന ദേശീയ കൌണ്‍സിലിന്റെ മറവില്‍ വ്യാജരസീതുണ്ടാക്കി കോടികള്‍ തട്ടിയ വാര്‍ത്ത കേന്ദ്രനേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. വ്യാജരസീതിന്റെയും പിരിവിന്റെയും പ്രഭവകേന്ദ്രം വടകരയാണെന്നും ഇതില്‍ ബിജെപി സംസ്ഥാന നേതാവിന് പങ്കുണ്ടെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ തെളിവുകള്‍ മറനീക്കി പുറത്തുവരുന്നത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് അധ്യാപകനും അക്കൌണ്ടന്റിനും നേരെ നേതാക്കള്‍ വധഭീഷണി ഉയര്‍ത്തുന്നത്.
കോളേജിലെത്തിയ നേതാക്കള്‍ വ്യജരസീത് ചോര്‍ന്നത് ഇവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. കോളേജിന് നല്‍കിയ രസീതിന്റെ പകര്‍പ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. രസീത് ചോര്‍ച്ചയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ശശികുമാറിനെയും അക്കൌണ്ടന്റ് വിനോദിനെയും ബലിയാടാക്കി വിവാദം അവസാനിപ്പിക്കാമെന്നായിരുന്നു നേതാക്കളുടെയും കോളേജ് അധികൃതരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ സ്ഥാപനത്തില്‍വച്ച് തന്നെ അപമാനിച്ചതിനും ബന്ദിയാക്കിയതിനുമെതിരെ ശശികുമാര്‍ പരസ്യമായി രംഗത്തെത്തിയതോടെ ഇത് പൊളിഞ്ഞു.
പി പി മുരളിയടക്കമുള്ള നേതാക്കള്‍ക്കെതിരെ ശശികുമാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ശശികുമാര്‍ പറഞ്ഞു.