കാണാതായ, മാനസികാസ്വാസ്ഥ്യമുള്ള 9 വയസ്സുകാരനെ തിരികെ ലഭിക്കാന്‍ ദമ്പതികളെ തുണച്ചത് ആധാര്‍ കാര്‍ഡ്. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.പാനിപ്പത്തിലെ ചൈല്‍ഡ് വെല്‍ഫയര്‍ ഹൗസിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഡല്‍ഹി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ എന്‍ജിഒ നടത്തുന്ന സ്ഥാപനമാണിത്. ഇവിടത്തെ മുഴുവന്‍ ആണ്‍കുട്ടികളുടെയും ബയോമെട്രിക് വിവരങ്ങളടക്കം ശേഖരിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍. എന്നാല്‍ ഒരു കുട്ടിയുടെ മാത്രം വിവരങ്ങള്‍ യുണീക്ക് ഐഡി ഉപയോഗിച്ച് സംഘത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. ഈ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവിലുണ്ടെന്നായിരുന്നു അറിയിപ്പ്. അപ്പോഴാണ് ഈ കുട്ടിയുമായി ബന്ധപ്പെട്ട മറ്റാരുടെയെങ്കിലും ആധാര്‍ വിവരങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിക്കുന്നത്. അങ്ങനെയാണ് പാനിപ്പത്തിലെ ഒരു കുടുംബവുമായി വിവരങ്ങള്‍ മാച്ച് ആവുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ വെല്‍ഫെയര്‍ ഹൗസ് അധികൃതര്‍ ഈ കുടുംബത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 9 വയസ്സാണെന്ന് ആധാര്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായതോടെ കുട്ടിയെ സലീം ബാലക് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി.ഓര്‍മ്മക്കുറവ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് കുട്ടി അനുഭവിച്ച് വരുന്നത്. ആധാറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കുട്ടിയുടെ രക്ഷിതാക്കളെ ഇതിനകം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അവരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ കൈമാറുകയായിരുന്നു. തിരിച്ചുകിട്ടില്ലെന്ന് കരുതിയ പൊന്നോമനയെ വീണ്ടെടുക്കാനായതില്‍ ആനന്ദാശ്രുക്കളോടെയാണ് ദമ്പതികള്‍ അവനെ വരവേറ്റത്.
കാണാതായ 9 വയസ്സുകാരനെ തിരികെ കിട്ടാന്‍ തുണയായത് ആധാര്‍
RELATED ARTICLES