ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. ആക്ടിവിസ്റ്റുകളെ സന്നിധാനത്തെത്തിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ആചാരലംഘനം നടത്താന്‍ യുവതികള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സന്നിധാനത്തെത്തിച്ചത്. അയ്യപ്പ വിശ്വാസികളല്ലാത്ത ഇവരെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചത്. ആംബുലന്‍സ് പോലും ഇതിനായി ഉപയോഗിച്ചുവെന്നും മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. 41 ദിവസം വ്രതമെടുത്താണ് ശബരിമലയ്ക്ക് പോകുന്നത്. വ്രതമെടുക്കേണ്ട ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്ക് കഴിയുമോയെന്നും മീനാക്ഷി ചോദിച്ചു. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു. ശൂന്യവേളയിലായിരുന്നു ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിച്ചത്. ശബരിമല വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ശബരിമലയിലെത്തിയ യുവതികള്‍ ഭക്തരാണെങ്കില്‍ അവര്‍ പകല്‍ സമയങ്ങളില്‍ പ്രാര്‍ത്ഥിക്കണമായിരുന്നെന്ന് മീനാക്ഷി ലേഖി എ.എന്‍.ഐയോടു പറഞ്ഞു.