ബെവ്റെജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു പിന്നിൽ ബാറുടമകളും കള്ളുഷാപ്പുടമുകളുമാണെന്ന് ആരോപണം. ബെവ്റെജസ് കോര്‍പ്പറേഷനെ മുന്നില്‍ നിര്‍ത്തി ലക്ഷ്യം നേടുകയാണ് ഉദ്ദേശ്യം. കോര്‍പ്പറേഷനിലെ ചില ഉന്നതരുടെ പിന്തുണയും ഇവർക്കുണ്ട്. ജനങ്ങളുടെ പ്രക്ഷോഭം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം തേടി ബെവ്കോ ഹൈക്കോടതിയെ സമീപിച്ചേക്കും.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 31നകം പാതയോരത്തു നിന്നു മദ്യശാലകള്‍ മാറ്റണം. രണ്ടു മാസം മുൻപു തന്നെ ബെവ്കോ ഇതിനുള്ള നടപടികള്‍ തുടങ്ങി. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് സമ്പാദിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യണമെന്ന ചട്ടം മറികടന്നാണ് ഭൂരിഭാഗം മദ്യശാലകളും പറിച്ചുനട്ടത്. എല്ലായിടത്തും എതിര്‍പ്പുയരാനും സമരാവേശത്തിന് ആക്കം കൂട്ടാനും അടച്ചുപൂട്ടല്‍ എളുപ്പമാക്കാനും ഇതു കാരണമായി.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ബെവ്കോയ്ക്ക് അറിവുള്ളതാണ്. ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ് വേണമെന്ന് അറിയാമെന്നിരിക്കെ, ബെവ്കോ ചട്ടങ്ങൾ മറികടന്ന് എടുത്തുചാടിയതാണു സംശയത്തിനു ബലം നൽകുന്നത്.
രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ 25 ശതമാനം ഷോപ്പുകള്‍ പോലും മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയമാണ് ജനകീയ കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയത്. പലപ്രദേശങ്ങളിലും വിദ്യാര്‍ഥികളെയും വീട്ടമ്മമാരെയും രംഗത്തിറക്കിയാണു സമരം. അതു സര്‍ക്കാരിന്റെ ചില്ലറ മദ്യശാലകള്‍ക്കെതിരെ മാത്രമാണ്. തൊട്ടടുത്ത ബിയര്‍ പാര്‍ലറിന്റെ മുന്പിലോ, കള്ളുഷാപ്പിന്റെ മുന്നിലോ ഉപരോധമില്ല. അതുകൊണ്ടു തന്നെയാണ് സമരങ്ങള്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്ന ആരോപണമുയരുന്നത്.
അഞ്ഞൂറിലേറെ ബീയര്‍ ആൻഡ് വൈന്‍ പാര്‍ലറുകൾ മാറ്റുകയെന്നതു ബെവ്കോയുടെ മദ്യശാലകള്‍ മാറ്റുന്നതുപോലെ എളുപ്പമല്ല. ബാർ ലൈസന്‍സ് പുതുക്കിക്കിട്ടുമെന്നു കരുതി ലക്ഷങ്ങള്‍ ചെലവഴിച്ചു മോടിപിടിപ്പിച്ചവയാണ് അവയെല്ലാം. മദ്യക്കച്ചവടത്തിനു കെട്ടിടം വാടകയ്ക്കു നല്കാന് ഒട്ടുമിക്ക കെട്ടിട ഉടമകളും തയ്യാറാവില്ല. കെട്ടിടം നിര്‍മ്മിച്ചു സ്വന്തമായി തുടങ്ങാമെന്നു വച്ചാല്‍ നഗരം വിട്ടു ഗ്രാമത്തിലേക്കു പോകണം. അവിടെ കച്ചവടം കുറയും. നാട്ടുകാരുടെ ഇടപെടലുകള്‍ സജീവമാകുകയും ചെയ്യും. അതിനാൽ എങ്ങനെയും ഇപ്പോഴുള്ളിടത്തു തന്നെ മദ്യശാലകള്‍ നിലനിര്‍ത്താനാണ് അബ്കാരികള്‍ ശ്രമിക്കുന്നത്.
ബെവ്കോ ശാലകൾ തുറക്കാനാവാതെ വന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില താളം തെറ്റും. നാലായിരം മുതല്‍ അയ്യായിരം കോടി വരെ നേടിത്തരുന്ന മദ്യക്കച്ചവടം വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാരിനാവില്ല. അപ്പോള്‍ നിലനില്‍പ്പിനായുള്ള മാര്‍ഗ്ഗം ആരായേണ്ടിവരും. അതു സര്‍ക്കാരിനെക്കൊണ്ടു ചെയ്യിപ്പിക്കുകയാണു ലക്ഷ്യം. അതുകൊണ്ട് മദ്യഷാപ്പ് സമരമെന്ന എരിതീയില്‍ പരമാവധി എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ് അബ്കാരികള്‍. അടുത്തകാലത്തായി വികസന വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ചില സംഘടനകളെയും സമരത്തില്‍ അണിനിരത്താനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്.