പീഡന കേസിലെ ഇരയോടും കുടുംബത്തോടും മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു

മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു

വൈദികനായ ഫാ. റോബിൻ വടക്കുംചേരി പ്രതിയായ പീഡന കേസിലെ ഇരയോടും പെൺകുട്ടിയുടെ കുടുംബത്തോടും മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടേയും കുടുംബത്തിന്റേയും കണ്ണീരിൽ പങ്കുചേരുന്നുവെന്ന് കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിൽ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം വ്യക്തമാക്കി. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് അംഗീകരിക്കാനാവില്ലെന്നും കൊട്ടിയൂരിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തിൽ ബിഷപ്പ് പറഞ്ഞു.

നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്

ഇരയാക്കപ്പെട്ട പ്രയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ല. പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ എന്നും കത്തിൽ പറയുന്നു.