പാസ്പോര്‍ട്ട് സേവ കേന്ദ്രം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട പോസ്റ്റ് ഓഫിസില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രം

പത്തനംതിട്ട പോസ്റ്റ് ഓഫിസില്‍ ആരംഭിച്ച പാസ്പോര്‍ട്ട് സേവ കേന്ദ്രം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. വിദേശരാജ്യങ്ങളെ മാത്രം ആശ്രയിച്ച് നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ അവിടങ്ങളിലെ നയവ്യത്യാസം അനുസരിച്ച് തൊഴില്‍സാധ്യതകളില്‍ മാറ്റമുണ്ടാവും. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഗള്‍ഫ് രാജ്യങ്ങളും നല്‍കുന്ന സൂചനയതാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന്: ആന്‍േറാ ആന്‍റണി

പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ പാസ്പോര്‍ട്ട് സേവ കേന്ദ്രം ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അധ്യക്ഷത വഹിച്ച ആന്‍േറാ ആന്‍റണി എം.പി പറഞ്ഞു. വീണ ജോര്‍ജ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ജില്ല പൊലീസ് മേധാവി ബി. അശോകന്‍, പോസ്റ്റല്‍ സര്‍വിസ് ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ്രാജ്, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ്, പോസ്റ്റല്‍ സൂപ്രണ്ട് ആര്‍. വേണുനാഥന്‍പിള്ള, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, പത്തനംതിട്ട ജുമാമസ്ജിദ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി, രാഷ്ട്രീയ നേതാക്കളായ എ.പി. ഉദയഭാനു, എ.പി. ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട, ടി.എം. ഹമീദ്, വിക്ടര്‍ ടി. തോമസ്, റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ ആശിക് കരാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

ആദ്യഘട്ടം ദിവസേന 50 അപേക്ഷകരെ വീതം

തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസില്‍നിന്നുള്ള കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും കഴിഞ്ഞദിവസം എത്തിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമെ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവൂ. ആദ്യഘട്ടം ദിവസേന 50 അപേക്ഷകരെ വീതമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ക്ക് വിളിക്കുക. പിന്നീട് കൂടുതല്‍ അപേക്ഷകരെ പരിഗണിക്കും. പൊലീസ് പരിശോധന റിപ്പോര്‍ട്ട് വേണ്ടാത്തവര്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് നല്‍കും. പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്.