പൌരന്മാര്‍ക്ക് ഒരുരീതിയിലുള്ള സ്വകാര്യതയ്ക്കും അര്‍ഹതയില്ലെന്ന സര്‍ക്കാര്‍വാദത്തിനെതിരെ പ്രതിഷേധം

adhar

പൌരന്മാര്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ കാര്യത്തില്‍ പൂര്‍ണമായ അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍വാദം വലിയ വിവാദം സൃഷ്ടിച്ചിരിക്കയാണ്. പൌരന്മാര്‍ക്ക് സ്വന്തം ശരീരങ്ങളുടെ കാര്യത്തില്‍ പൂര്‍ണമായ അധികാരമോ അവകാശമോ ഇല്ലെന്ന വാദം എ ജിയാണ് മുന്നോട്ടുവച്ചത്. തത്വചിന്തകന്‍ റൂസോയുടെ നിരീക്ഷണങ്ങളും അദ്ദേഹം തന്റെ വാദത്തിന് ശക്തി പകരാന്‍ ഉപയോഗിച്ചു. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വിചിത്രമായ ഈ വാദം മുന്നോട്ടുവച്ചത്.

ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍രേഖയെ പിശാചിനോട് താരതമ്യപ്പെടുത്തുന്ന സമീപനം ശരിയല്ല. കൂടുതല്‍ ചിട്ടയുള്ള ജീവിതം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഇടപെടലായിമാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും റോഹ്തഗി വാദിച്ചു. അതേസമയം, എജി ഉന്നയിച്ച വാദങ്ങള്‍ സന്ദര്‍ഭവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക്ഭൂഷണും അഭിപ്രായപ്പെട്ടു. പൌരന്മാര്‍ക്ക് ഒരുരീതിയിലുള്ള സ്വകാര്യതയ്ക്കും അര്‍ഹതയില്ലെന്ന സര്‍ക്കാര്‍വാദത്തിനെതിരെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ഏകാധിപത്യ ഭരണക്രമങ്ങളിലേതിനുസമാനമായ വാദമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രധാന ആക്ഷേപം.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നേരത്തെ സുപ്രീംകോടതിതന്നെ ചോദ്യംചെയ്തിരുന്നു.

എന്നാല്‍, വ്യാജ പാന്‍കാര്‍ഡുകളും മറ്റും തടയുന്നതിന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിനുപുറമെ ആധാര്‍ പൌരന്മാരുടെ വ്യക്തിസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നാക്രമണമാണോയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലുമുണ്ട്.