പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ പൊലീസ് കണ്ടെത്തി

rss

നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് കണ്ടെത്തി. പന്നിയങ്കര പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.പ്രസവം നടന്നത് ബംഗലൂരുവിലാണെന്നും യുവതി കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫറ്റീരിയ ജീവനക്കാരിയാണെന്നുമാണ് വിവരം.

കത്തെഴുതി വച്ച് പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനെന്നാണ് വിവരം.

തിരുവണ്ണൂരിലെ പള്ളിയുടെ പടിക്കെട്ടിലാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇഷ്ടമുള്ള പേരിടണമെന്നും അള്ളാഹു തന്നതെന്ന് കരുതി സംരക്ഷിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്നുമായിരുന്നു കുറിപ്പിന്‍റെ ഉള്ളടക്കം.

വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നത്.