വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

school

സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടായി യത്‌നിക്കണം. വിദ്യാലയങ്ങളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്ന് ആവര്‍ത്തിച്ചു പരിശോധിച്ചുവേണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉന്നതതല സമിതികള്‍ വിലയിരുത്തണമെന്നും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 220 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും രണ്ടു കോടി രൂപ വീതവും 640 എല്‍.പി., യു.പി. സ്‌കൂളുകളില്‍ ഒരുകോടി രൂപ വീതവും 140 ഹൈസ്‌കൂളുകളില്‍ അഞ്ചുകോടി രൂപ വീതവും ചെലവഴിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ആയിരം ഹൈസ്‌കൂള്‍ ലാബുകള്‍ നവീകരിക്കാന്‍ എട്ടു ലക്ഷം രൂപ വീതവും പതിനായിരം ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍, ടാലന്റ് പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കാന്‍ 1,50,000 രൂപ വീതവും 140 കലാ, കായിക, സാംസ്‌കാരിക പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഒരുകോടി രൂപ വീതവും 140 നീന്തല്‍ കുളങ്ങള്‍ക്കായി 20 ലക്ഷം രൂപ വീതവും എല്‍.പി., യു.പി. സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 2.1 ലക്ഷം രൂപ വീതവും എട്ട് മുതല്‍ 12 വരെ 45,000 ക്ലാസുകള്‍ ഹൈടെക് ആക്കാന്‍ ഒരു ലക്ഷം രൂപ വീതവും ചെലവിടും. ക്ലാസ് മുറിയിലെ ഭൗതിക സൗകര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, വിനിമയരീതി, അധ്യാപക പരിശീലനം, മൂല്യനിര്‍ണയം, ഭരണ- മോണിറ്ററിങ് സംവിധാനങ്ങള്‍ എന്നിവയിലെല്ലാം ഹൈടെക് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ജനുവരി 27ന് പി.ടി.എ., പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രീന്‍ കാമ്പസ് പ്രോട്ടോക്കോള്‍ പ്രഖ്യാപനം സംഘടിപ്പിക്കുമെന്നും ഇതിനുമുന്നോടിയായുള്ള ജില്ലാതല യോഗങ്ങള്‍ 25ന് ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ നടന്നുവരുന്ന പൈലറ്റ് പദ്ധതിയില്‍ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളില്‍ അധ്യാപക പരിശീലനം, ടെന്‍ഡര്‍ നടപടികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. ഒന്നുമുതല്‍ 12 വരെ എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി 60 ശതമാനം പൂര്‍ത്തിയായതായും അക്കാഡമിക് മോണിറ്ററിങ്ങിന് സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കിയെന്നും സംസ്ഥാനതല കര്‍മസേന യോഗം ചേര്‍ന്നതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.