നാവികസേനയുടെ കീഴിലെ തീരസംരക്ഷണ സേനക്ക് ഉപയോഗിക്കാന്‍ 14 അതിവേഗ നിരീക്ഷണയാനങ്ങളുടെ നിര്‍മാണച്ചുമതല റിലയന്‍സിന് കൈമാറി.പ്രതിരോധമന്ത്രാലയം റിലയന്‍സ് ഡിഫന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ലിമിറ്റഡി(ആര്‍ഡിഇഎല്‍)നാണ് 916 കോടിയുടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം കരാറൊപ്പിട്ടു. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് യാനങ്ങള്‍ നിര്‍മിക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടെന്നിരിക്കെ നിര്‍മാണച്ചുമതല സ്വകാര്യ കുത്തക കമ്പനിക്ക് നല്‍കുന്നത് ദുരൂഹമാണ്. റിലയന്‍സിന്റെ കൈകളില്‍ പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) എത്തിക്കാനുള്ള കുറുക്കുവഴിയായാണ് പുതിയ കരാര്‍ എന്നു സംശയിക്കുന്നു.
സൈന്യത്തിനാവശ്യമായ അത്യന്താധുനിക വാഹനങ്ങള്‍ നിര്‍മിക്കുന്ന, 56,000 കോടി ആസ്തിയുള്ള ബെമലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 51 ശതമാനം ഓഹരികളില്‍ 25 ശതമാനം മാര്‍ച്ച് 31നകം വിറ്റഴിക്കാനാണ് നിര്‍ദേശം. ബെമലിന്റെ ഓഹരി വാങ്ങാന്‍ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ അത് ലഭിക്കാനാണ് തീരസംരക്ഷണ സേനയുടെ അതിവേഗ യാനങ്ങളുടെ നിര്‍മാണച്ചുമതല റിലയന്‍സിന് നല്‍കിയതെന്നും അറിയുന്നു. ഇതിലൂടെ റിലയന്‍സിന് ബെമല്‍ സ്വന്തമാക്കാനും സാധിക്കും.
അതിവേഗ നിരീക്ഷണയാനങ്ങളുടെ നിര്‍മാണച്ചുമതല റിലയന്‍സിന് നല്‍കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ ഈ കമ്പനിക്ക് പ്രവൃത്തിപരിചയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ എം ബി രാജേഷ് എംപി ബെമല്‍ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ രണ്ട് ഘട്ടമായി ലേലം നടത്തുമെന്നാണ് പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ബാമ്രെ അറിയിച്ചത്.
ഫാസ്റ്റ് പട്രോള്‍ വെസല്‍സ് (എഫ്പിവി) നിലവില്‍ ഇന്ത്യയിലെ മിക്ക തുറമുഖങ്ങളിലും ഉപയോഗിക്കുന്നുണ്ട്. കൊച്ചി കപ്പല്‍ശാലയാണ് ഇതുവരെ യാനം നിര്‍മിച്ച് കോസ്റ്റ് ഗാര്‍ഡിന് കൈമാറിയിരുന്നത്. മികച്ച സാങ്കേതിക സംവിധാനമുള്ള കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കിയാണ് റിലയന്‍സ് സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. ഇവര്‍ തന്നെയാണ് യാനം രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുക.
സംരക്ഷണ സേനയുടെ അവിഭാജ്യഘടകമായ എഫ്പിവി വിവിധോദ്ദേശ്യ കപ്പലാണ്. തീരസംരക്ഷണം, കള്ളക്കടത്ത് തടയല്‍, നുഴഞ്ഞുകയറ്റം നിരീക്ഷിക്കല്‍, തടയല്‍, മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള ഇടപെടല്‍, എന്നിവയ്ക്ക് പുറമെ യുദ്ധസമയങ്ങളില്‍ തീരങ്ങളുടെ സുരക്ഷയും ഈ യാനങ്ങള്‍ വഹിക്കും. കടലില്‍ ആശയവിനിമയത്തിനുള്ള ഉപകരണമായും പ്രവര്‍ത്തിക്കും.