പാർട്ടി ജനറൽ സെക്രട്ടറി ശശികല തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെ എ. ഐ.എഡി.എം.കെ എം.എൽ.എമാരുടെ നിർണാക യോഗം ചെന്നൈയിൽ നടക്കും. ഇന്ന് നടക്കുന്ന യോഗത്തിൽ ശശികലയുടെ മുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് സൂചന. തിങ്കളാഴ്ച ശശികല മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ജെല്ലിക്കെട്ട് സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയാവും. ജെല്ലിക്കെട്ട് പ്രക്ഷോഭം കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇൗ സാഹചര്യം മുതലാക്കി ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ട് വരാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണൻ അടക്കം തമിഴ്നാട് സർക്കാറിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇത് ശശികലയുടെ സ്ഥാനാരോഹണവുമായാണ് തമിഴ് മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത്. താൻ പാർട്ടി നേതൃസ്ഥാനത്തെത്തിയതിനെതിരെ കലാപക്കൊടി ഉയർത്തിയ വിമതനേതാക്കൾക്ക് ശശികല പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ നൽകിയിരുന്നു. ഇതും ശശികലയുടെ മുഖ്യമന്ത്രി പദത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.