നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും പഞ്ചാബിലും കനത്ത പോളിംഗ്. ഗോവയിൽ റിക്കാർഡ് പോളിംഗാണ് നടന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 83 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനയോഗിച്ചു. അവസാന കണക്കുകൾ ലഭിക്കുന്പോൾ പോളിംഗ് ശതമാനം ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൊതുവെ ശാന്തമായിരുന്നു. അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ചില സ്ഥലങ്ങളിൽ പണിമുടക്കി. ഒരു ബൂത്തിലെ പോളിംഗ് മാറ്റിവച്ചു.
പഞ്ചാബിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിശ്ചിത സമയത്തിനു ശേഷവും വോട്ട് ചെയ്യാൻ പലസ്ഥലത്തും വലിയ ക്യൂവാണ് കാണപ്പെട്ടത്. അവസാന കണക്കുകളിൽ പോളിംഗ് ശതമാനം എൺപതിനോടടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79 ശതമാനം പോളിംഗാണ് ഉണ്ടായത്. ഇത്തവണ അതിൽ ചെറിയതോതിൽ കുറവുവന്നേക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 58.02 കോടി രൂപയും ഏകദേശം 13.34 കോടി രൂപ വിലവരുന്ന 12.43 ലക്ഷം ലിറ്റർ മദ്യവും 18. 26 കോടി രൂപയുടെ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ സംഘർഷങ്ങളുണ്ടായി. സംഗ്രുർ ജില്ലയിലെ സുൽത്താൻപുരിൽ എഎപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.