Sunday, April 28, 2024
HomeNationalലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകർ തമ്മിൽ വാഗ്വാദം

ലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകർ തമ്മിൽ വാഗ്വാദം

ജസ്റ്റീസ് ലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകർ തമ്മിൽ വാഗ്വാദം. കോടതിയെ മീൻ ചന്തയാക്കരുതെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയും കോടതി ഈ കേസിൽ വാദം കേട്ടിരുന്നു. ഇതിന്റെ തുടർവാദമാണ് ഇന്ന് നടന്നത്. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ ഈ കേസിൽ നിലനിൽക്കുന്ന ദുരൂഹത മാറ്റാൻ സാധിക്കൂ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ വി.ഗിരി കോടതിയെ അറിയിച്ചു. അതിനാൽ അന്വേഷണം എങ്ങനെ വണമെന്ന് കോടതി തീരുമാനിക്കണമെന്നും ഗിരി ആവശ്യപ്പെട്ടു. എന്നാൽ ഇതൊരു രാഷ്ട്രീയ കേസാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ അഭിഭാഷകന്റെ വാദം. മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ ഹരീഷ് സാൽവെയും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു ഇതേത്തുടർന്നാണ് അഭിഭാഷകർ തമ്മിൽ ബഹളമുണ്ടായത്. ഇതിനിടെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി ഒൻപതിലേക്കു മാറ്റുകയായിരുന്നു. ലോയയുടെ മരണം സംബന്ധിച്ച കേസ് ഡയറി കാണാനില്ലെന്നതും പൊലീസ് തയാറാക്കിയ മരണ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയെന്നതുമാണ് പുതിയ വെളിപ്പെടുത്തലുകൾ.
അവസാന നിമിഷങ്ങളിൽ ജസ്റ്റിസ് ലോയയ്ക്ക് നൽകിയ ചികിത്സയുടെ വിവരങ്ങളൊന്നും തന്നെ രേഖകളില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കുന്ന കാലത്താണ് ലോയയുടെ മരണം സംഭവിച്ചത്. ഇതാണ് മരണത്തിൽ ദുരൂഹത ആരോപിക്കുന്നതിനു പ്രധാന കാരണമെങ്കിലും, അമിത് ഷായെക്കുറിച്ചു പരാമർശം നടത്തുന്നതിനെ കോടതിയും അഭിഭാഷകരും എതിർക്കുന്നു. കഴിഞ്ഞ രണ്ടു തവണയും ഹർജിക്കാരുടെ അഭിഭാഷകർ അമിത് ഷായുടെ കാര്യം പരാമർശിച്ചപ്പോൾ മഹാരാഷ്ട്ര സർക്കാരിനായി ഹാജരായ അഭിഭാഷകർ അതിനെ ചോദ്യം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments