Sunday, September 15, 2024
HomeNationalഹിന്ദു തീവ്രവാദത്തിന്റെ വിമർശക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു

ഹിന്ദു തീവ്രവാദത്തിന്റെ വിമർശക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു

ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുള്ള തീവ്ര ഹിന്ദുത്വവാദത്തിനെതിരെ ശക്തമായ വിമർശനങ്ങൾ തൊടുത്തു വിട്ടുകൊണ്ടിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരണം സംഭവിച്ചത്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. രാത്രി എട്ടു മണിയോടെ ഇവരുടെ വസതിയിലേക്ക് ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്. അക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററും കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു.

ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡ പുരോഗമന സാഹിത്യകാരൻ പ്രഫ. എം.എം.കൽബുറഗി വെടിയേറ്റു മരിച്ച് രണ്ടു വർഷം പിന്നിടുമ്പോഴാണ് ഗൗരി ലങ്കേഷും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൽബുറഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു ഗൗരി ലങ്കേഷ്. 2015 ഓഗസ്റ്റ് 30നു രാവിലെ എട്ടുമണിയോടെ പ്രഫ.കൽബുറഗി ധാർവാഡിലെ സ്വന്തം വീടിനു മുന്നിൽ ബൈക്കിലെത്തിയ അജ്ഞാതരുടെ തോക്കിന് ഇരയാകുകയായിരുന്നു.

ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ പേരിൽ ബിജെപി നേതാക്കൾ നൽകിയ അപകീർത്തിക്കേസിൽ ഇവർ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ആറു മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് മേൽക്കോടതിയെ സമീപിച്ച ഗൗരി ലങ്കേഷിന് അവിടെനിന്ന് ജാമ്യം ലഭിച്ചു. കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് ‘ലങ്കേഷ് പത്രിക’യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments