പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കംപ്യൂട്ടറിൽനിന്ന് വിവരങ്ങൾ ചോർന്ന സംഭവത്തിൽ പോലീസിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണമാരംഭിച്ചു. റാൻസംവെയറല്ലെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച രാവിലെ സംഭവത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സൈബർ സെൽ, സൈബർ ഡോം ഉദ്യോഗസ്ഥർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഹാക്കിങ് നടന്ന കംപ്യൂട്ടർ പരിശോധിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. പണം ആവശ്യപ്പെട്ടുകൊണ്ട് ഹാക്കർ അയച്ച സന്ദേശം ഉദ്യോഗസ്ഥർ പരിശോധിച്ചു. സന്ദേശം വന്നിരിക്കുന്നത് യു.എസ്.കേന്ദ്രീകരിച്ചാണെന്നും അവർ ക്രിപ്റ്റോ കറൻസി പ്രകാരം 25,000 രൂപയാണ് ആവശ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ആശുപത്രിയിലെ വിവരങ്ങൾ ചോർത്താനുള്ള ശ്രമം അഞ്ച് തവണ നടത്തിയിരുന്നതായി പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട് 12 അക്കങ്ങളുള്ള മൂന്ന് ഡിജിറ്റലുകളിലുള്ള െഎ.പി.അഡ്രസ് പാകിസ്താനിൽനിന്ന് ആകാൻ സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഏത് രാജ്യത്തിരുന്നുകൊണ്ടും മറ്റൊരു രാജ്യത്തിന്റെ പേരിൽ െഎ.പി. അഡ്രസ് ഉണ്ടാക്കാൻ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആശുപത്രിയിൽ കംപ്യൂട്ടർ വിവരങ്ങൾ ചോർത്തിയത് യുഎസിൽ നിന്നുള്ള ഹാക്കർമാരുടെ സംഘമെന്ന് കണ്ടെത്തി. പക്ഷേ ഹാക്കർമാർക്ക് ആവശ്യമായ ഒരു വിവരവും ജില്ലാ ആശുപത്രിയിലെ ഇ–ഹെൽത്ത് എന്ന സോഫ്റ്റ് വെയറിൽ നിന്നു കിട്ടിയില്ല. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് വേണ്ടി മാത്രമായി പ്രാദേശികമായ ഐടി ഗ്രൂപ്പാണ് ഇ–ഹെൽത്ത് തയാറാക്കി കൊടുത്തത്. ഒപി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി മാത്രമുള്ളതാണിത്. പേരും വിലാസവും ഒപി നമ്പരും മാത്രമായിരിക്കും ഇ– ഹെൽത്തിലുള്ളത്. ഗൗരവമല്ലാത്ത വിവരങ്ങൾ ചോർത്താൻ എന്തിനാണ് ഇവർ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പൊലീസിന്റെ സംശയം. മാത്രമല്ല, ഹാക്കർമാർ ചോദിച്ചത് 0.03 ബിറ്റ്കോയിൻ . ഇതിന് ഇപ്പോൾ മൂല്യം 26,000 രൂപ മാത്രം. സംഭവം രാജ്യാന്തര ഹാക്കർമാർക്ക് നാണക്കേടായി എന്ന് ഐ ടി വിദഗ്ധർ.