ഇ.എം.എസ്. ഫോട്ടോ പ്രദര്‍ശനവും മാധ്യമ ശില്‍പശാലയും

ഇ.എം.എസ് ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രത്തെ വ്യാഖ്യാനിക്കുകയും ചെയ്ത മഹാരഥനാണെന്നും ഇന്നലെയുടെ വ്യാഖ്യാനത്തെ ഇന്നിലേക്ക് പ്രവഹിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചുവെന്നും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. മീഡിയ അക്കാഡമി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച കാഴ്ചയുടെ രാഷ്ട്രീയം എന്ന മാധ്യമ ശില്‍പശാലയും ഇ.എം.എസിന്റെ ജീവിതത്തിന്റെയും സംഭാവനകളുടെയും നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന, മലയാള മനോരമ സജ്ജീകരിച്ച ഫോട്ടോപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഫോട്ടോഗ്രഫി വെറും ചിത്രം പകര്‍ത്തല്‍ മാത്രമല്ല, വ്യാഖ്യാനം കൂടിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രപ്രദര്‍ശനം എന്നും മന്ത്രി പറഞ്ഞു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഫോട്ടോയെടുത്ത് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇ.എം.എസിന്റെ ചിത്രങ്ങളെടുത്ത മലയാള മനോരമ സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രന് മന്ത്രി അനുമോദന ഉപഹാരം സമ്മാനിച്ചു. മീഡിയ അക്കാഡമി പ്രസിദ്ധീകരിക്കുന്ന മീഡിയയുടെ വജ്രകേരള പതിപ്പ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന് നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.റഹീം, തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍, കേരള മീഡിയ അക്കാഡമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, കേരള മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.