നോട്ട് അസാധുവാക്കൽ നടപടി സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് രാഷ്ട്രപതി

നോട്ട് അസാധുവാക്കൽ നടപടി താൽക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് പിൻവലിക്കൽ വിഷയത്തിൽ രാഷ്ട്രപതി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. അസാധുവാക്കൽ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. ജനത്തിന്റെ ദുരിതം ഒഴിവാക്കാൻ അതീവ ശ്രദ്ധയുണ്ടാവണം. നടപടി കള്ളപ്പണവും അഴിമതിയും നിർവീര്യമാക്കുന്നതാണ്. പക്ഷേ, താൽക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കാമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നൽകി. രാജ്യത്തിന് ദീർഘകാല നേട്ടമുണ്ടാക്കുമെന്ന് കരുതുന്നുവെങ്കിലും സാധാരണക്കാർക്ക്‌ ഇതുമൂലം ഉണ്ടാകുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.