വാഗമണിൽ കൊക്കയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ അരുണി (24)ന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഉദയംപേരൂർ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകനാണ്. ഇന്നലെ രാവിലെ 11 ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരക്ക് കണ്ടനാട്ടെ വസതിയിൽ കൊണ്ടുവന്ന മൃതദേഹം ഒരു നോക്കു കാണുന്നതിനും ആദരാഞ്ജലി അർപ്പിക്കുന്നതിനുമായി നൂറുകണക്കിനാളുകൾ തടിച്ചുകൂടി.
അരുണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ജോലി സംബന്ധിച്ച് യാതൊരുവിധ പ്രശ്നങ്ങളും അരുണിന് ഇല്ലെന്നാണ് ഇവർ പറയുന്നത്. മിതഭാഷിയായിരുന്നു അരുണ്‍. വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. പോലീസും ടൂറിസം വകുപ്പിന്റെ വാച്ചർമാരും ഇവരുടെ കൈവശമുണ്ടായിരുന്ന അറുപതു മീറ്റർ വടമുപയോഗിച്ചു കൊക്കയിലിറങ്ങി പരിശോധന നടത്തി. തുടർന്ന് പീരുമേട് അഗ്നിശമന സേനയും സ്ഥലത്തെത്തി. അഗാധവും കിഴുക്കാം തൂക്കുമായ പാറക്കെട്ടും ശക്തമായ കാറ്റും വെളിച്ചമില്ലായ്മയും പ്രതികൂലമായതോടെ രാത്രി വൈകി അന്വേഷണം നിർത്തിയശേഷം ശനിയാഴ്ചയാണു തെരച്ചിൽ തുടർന്നത്. മുന്നൂറടി താഴ്ചയിൽ മൊബൈൽ ഫോണിന്റെ കഷണവും പ്രവേശനടിക്കറ്റും ലഭിച്ചു. പിന്നീടു നടത്തിയ തെരച്ചിലിലാണു കൊക്കയിൽ നിന്നു മൃതദേഹംകണ്ടെത്തിയത്. അപകടസാധ്യതയേറിയ രക്ഷാപ്രവർത്തനത്തിനു ജീവൻ പണയംവച്ചു മുന്നിൽ നിന്നത് ടൂറിസം വകുപ്പ് വാച്ചർമാരായ ആൽബിനും സുധീഷും ആണ് .മുൻപ് വാഗമണിൽ ഡോക്ടർമാർ വാഹനാപകടത്തിൽ പെട്ടപ്പോഴും കോലാഹലമേട്ടിൽ ബലൂണപകടമുണ്ടായപ്പോഴും ഇരുവരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.
കൂട്ടുകൂടി നടക്കുന്ന സ്വഭാവമില്ലാത്ത അരുണിനു ജിമ്മിൽ പോകുന്നത് മാത്രമാണ് ഏക വിനോദം. ബൈക്ക് ഓടിക്കുന്നതു ഹരമായിരുന്നു. ബൈക്കിൽ പലതവണ അരുണ്‍ വാഗമണിൽ പോയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, അരുണിന്റെ മരണത്തെക്കുറിച്ചു വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇനിയും വ്യക്തമായ വിവരം ലഭിക്കാത്തതു ദുരൂഹത വർധിപ്പിക്കുകയാണ്.
അരുണിന്റെ മരണത്തിലെ ദുരൂഹത
RELATED ARTICLES