തെരുവില്‍ പിച്ചിച്ചീന്തപ്പെടാതിരുന്നത് ഭാഗ്യമൊന്നുകൊണ്ട് മാത്രം. പറയുന്നത് മറ്റാരുമല്ല ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി. ചണ്ഡീഗഡിലെ തെരുവില്‍ ആ രാത്രിയില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടേനെയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയൊണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയായ ഇവര്‍ വ്യക്തമാക്കിയത്. ഹരിയാന ബിജെപി അദ്ധ്യക്ഷന്‍ സുഭാഷ് ബരാളയുടെ മകന്‍ വികാസ് ബരാളയും സുഹൃത്ത് ആശിഷുമാണ് യുവതിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചണ്ഡീഗഡ് നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു കാറിലെത്തിയ വികാസും സുഹൃത്തും പിന്‍തുടരുകയായിരുന്നു. രണ്ട് തവണ പെണ്‍കുട്ടിയുടെ കാറിനെ അക്രമിസംഘം തടഞ്ഞു. കാര്‍ നിര്‍ത്താനാവശ്യപ്പെട്ട് ആക്രോശിക്കുകയും ചെയ്തു. പരിഭ്രാന്തയായ പെണ്‍കുട്ടി ഉടന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ നാലുകിലോമീറ്ററോളം അവര്‍ക്ക് കാര്‍ ഓടിക്കേണ്ടിയും വന്നു. ‘കരഞ്ഞും പേടിച്ചുമാണ് ആ സമയം ഞാന്‍ കാറോടിച്ചത്. എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പേടി കൊണ്ട് ശരീരം കോച്ചിപ്പിടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്താനാകുമോയെന്ന് ഭയപ്പാടുണ്ടായിരുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ടതിന് തുല്യമായ അവസ്ഥയിലായിരുന്നു ആ രാത്രി താനെന്നും’ അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരീക്ഷണ ക്യാമറകളും സുരക്ഷാ സംവിധാനങ്ങളും ഉള്ള ഒരു നഗരത്തില്‍ ഈ രീതിയില്‍ അതിക്രമങ്ങള്‍ നടത്തിയ അവര്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് അനുമാനിക്കാം. താനൊരു സാധാരണക്കാരന്റെ മകള്‍ ആകാതിരുന്നത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇതാണ് നേരിടേണ്ടി വരുന്നതെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ ഭീകരമാണ്. ഭാഗ്യം കൊണ്ടാണ് താന്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാകാതിരുന്നതെന്നും അവര്‍ കുറിക്കുന്നു.
തെരുവില്‍ പിച്ചിച്ചീന്തപ്പെടാതിരുന്നത് ഭാഗ്യമൊന്നുകൊണ്ട് മാത്രം…
RELATED ARTICLES