സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും;നടപ്പിലാക്കുമെന്ന് മോര്‍ട്ടോര്‍ വാഹന വകുപ്പ്

MVD

രണ്ടാഴ്ചയ്‌ക്കുള്ളില്‍ കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി നിയമം നടപ്പിലാക്കുമെന്ന് മോര്‍ട്ടോര്‍ വാഹന വകുപ്പ്. ഇതിനു മുന്നോടിയായി നിലവില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് എല്ലായിപ്പോഴും പ്രായോഗികമാകില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ സുരക്ഷാ ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ഉത്തരവ്.

കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഉത്തരവ് കര്‍ശനമാക്കിയ ശേഷം അത് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലയെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.