കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം 10ന് എത്തുമ്പോൾ കേരളത്തിന് അദ്ദേഹത്തിലൂടെ ലഭിച്ച നേട്ടം എങ്ങനെ പ്രയോജനപ്പെടുത്തണം എന്നറിയാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം കുഴങ്ങുന്നു. സംസ്ഥാനത്തിന് കേന്ദ്രമന്ത്രി പദവി ലഭിച്ചപ്പോൾ ബി.ജെ.പി ക്യാമ്പുകളിൽ ആഹ്ലാദമോ ആരവമോ ഉണ്ടാകാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയാവുമെന്നായിരുന്നു പ്രതീക്ഷ. കുമ്മനം ആയില്ലെങ്കിൽ മറ്റാരും ആകില്ലെന്നും സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയിരുന്നു. കണ്ണന്താനത്തെ മന്ത്രിയാക്കുമ്പോൾ തങ്ങളോട് ആലോചിക്കുക പോലും ചെയ്യാത്തതും ക്ഷീണമായി. ബി.ജെ.പി യുടെ കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആർ. എസ്. എസ് സംസ്ഥാന ഘടകത്തിനും കണ്ണന്താനത്തിന്റെ മന്ത്രി പദവി തിരിച്ചടിയായി.
മികച്ച കണക്കുകൂട്ടലിലാണ് പ്രധാനമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ചേർന്ന് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. കേരളത്തിന് വികസിക്കാൻ ഏറ്രവും നല്ല മാർഗം ടൂറിസത്തിന്റെ വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പല തവണ വ്യക്തമാക്കിയിരുന്നതാണ്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയ്ക്കൊപ്പം കേരളത്തിന്റെ മറ്റൊരു വികസന സാദ്ധ്യതയായ ഐ.ടിയും ഇലക്ട്രോണിക്സും കൂടി കണ്ണന്താനത്തിന് നൽകിയതിലൂടെ കേരളത്തിൽ കാര്യമായ മാറ്രം കൊണ്ടുവരാമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്. കണ്ണന്താനത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും ഭരണ സാമർത്ഥ്യവും ഇതിനായി പ്രയോജനപ്പെടുത്താം. അതോടൊപ്പം കണ്ണന്താനത്തിലൂടെ ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാമെന്നും കേന്ദ്രം കരുതുന്നു.