Sunday, September 15, 2024
HomeKeralaനടൻ ദിലീപ് ജയിലിലേക്കു മടങ്ങി

നടൻ ദിലീപ് ജയിലിലേക്കു മടങ്ങി

കോടതിയുടെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിയ നടൻ ദിലീപ് ശ്രാദ്ധച്ചടങ്ങുകൾ അവസാനിച്ചതിനു പിന്നാലെ ജയിലിലേക്കു മടങ്ങി. ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്ന രണ്ടു മണിക്കൂർ സമയപരിധി പിന്നിട്ടതിനെ തുടർന്നാണ് നടനെ ജയിലിലേക്കു തിരികെ കൊണ്ടുപോയത്. വൻ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ രാവിലെ എട്ടു മണിക്കാണ് ദിലീപിനെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലെത്തിച്ചത്. വീട്ടിലെ ശ്രാദ്ധച്ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുത്ത ദിലീപ് പിതാവിനു ബലിയുമിട്ടു.ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂർ േനരത്തേക്കാണ് ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. ദിലീപ് വീട്ടിലെത്തി നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിച്ചു. ആലുവ കൊട്ടാരക്കടവിൽ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകൾ നടന്നത്. സുരക്ഷാ കാരണങ്ങളാൽ ആലുവ മണപ്പുറത്തെ ചടങ്ങുകളിൽ ദിലീപിനെ പങ്കെടുപ്പിച്ചില്ല. ചടങ്ങുകൾക്കുശേഷം വീട്ടുകാർക്കൊപ്പം ദിലീപ് ഭക്ഷണം കഴിച്ചു. വീട്ടിൽ മധുരവിതരണവും നടത്തി. നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷാച്ചുമതല. റിമാ‍ൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു. അതേസമയം, ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments