ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു

Adhithyanath

2.15 കോടി കര്‍ഷകര്‍ക്ക് നടപടിയുടെ നേട്ടം ലഭിക്കുമെന്നാണ് കരുതുന്നത്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
2.15 കോടി കര്‍ഷകര്‍ക്ക് നടപടിയുടെ നേട്ടം ലഭിക്കുമെന്നാണ് കരുതുന്നത്. യുപിയിലെ കര്‍ഷകരില്‍ 92.5 ശതമാനത്തിനും തീരുമാനം നേട്ടമാകുമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു.
ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കും. സത്യപ്രതിജ്ഞ ചെയ്ത ശേഷം 15 ദിവസങ്ങള്‍ കഴിഞ്ഞാണ് ആദ്യനാഥ് മന്ത്രിസഭാ യോഗം വിളിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പ്രധാനമന്ത്രിയുടെ സഹായം പ്രതീക്ഷിച്ചാണ് മന്ത്രിസഭാ യോഗം വൈകിപ്പിച്ചത്.പ്രകടന പത്രികയിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ബിജെപി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. യുപിയില്‍ ആകെയുള്ള 2.30 കോടി കര്‍ഷകരില്‍ 2.15 കോടിയും ചെറുകിട ദരിദ്ര വിഭാഗത്തില്‍ പെടുന്നവരാണ്.
ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സുപ്രീം കോടതി, ഹരിത ട്രിബ്യൂണല്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കും നടപടിയെന്നും മന്ത്രി അറിയിച്ചു. അനധികൃത ഖനനം നിയന്ത്രിക്കുന്നതിന് നിയമിച്ച നിരീക്ഷക സമിതിയുടെ തലവനായി ഉപമുഖ്യമന്ത്രി കേശവ് മൗര്യയെ നിയമിച്ചതായും മന്ത്രി പറഞ്ഞു.