ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി എന്ന പേര് ഇനിമുതല്‍ ഇന്ത്യയ്ക്ക് സ്വന്തം. നീണ്ട വര്‍ഷങ്ങളായി ഒന്നാം സ്ഥാനം കൈയ്യടക്കി വാണിരുന്ന ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2016-17 കാലയളവില്‍ 170 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. എന്നാല്‍ ഈ കാലയളവില്‍ 168 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് ചൈനയില്‍ വിറ്റഴിഞ്ഞത്.
സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 60 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞ ഇന്‍ഡൊനീഷ്യയാണ് ആഗോള വിപണിയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. സിയാമിന്റെ കണക്കുകള്‍ പ്രകാരം 48000 ത്തോളം ഇരുചക്ര വാഹനങ്ങളാണ് ദിനംപ്രതി ഇന്ത്യയില്‍ വിറ്റഴിയപ്പെടുന്നത്.
170 ലക്ഷം വാഹനങ്ങളില്‍ 120 ലക്ഷം ബൈക്കുകളും 50 ലക്ഷം സ്‌കൂട്ടറുകളുമാണ് വിറ്റഴിയപ്പെട്ടിരിക്കുന്നത്. 2011-12 കാലയളവില്‍ 130 വാഹനങ്ങളായിരുന്നു ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടിരുന്നത്. ഇതില്‍ നിന്നും പടിപടിയായ ഉയര്‍ച്ചയാണ് ഈ കണക്കുകള്‍ കാട്ടിത്തരുന്നത്.
പല നഗരങ്ങളിലും ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചതാണ് ഈ മേഖലയില്‍ ചൈനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. അതോടൊപ്പം തന്നെ ആഭ്യന്തര വിപണിയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചൈനയ്ക്ക് വലിയൊരു തിരിച്ചടിയായി. ഇതിനെല്ലാം പുറമെയാണ് കുഞ്ഞന്‍ കാറുകളുടെ വില കുറഞ്ഞതും ചൈനയെ ഇരുചക്ര വിപണിയില്‍ തളര്‍ത്തിയെന്നു പഠനങ്ങള്‍ വ്യക്തമക്കുന്നു.