വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച് സ്കൂളിന് ചുറ്റും ഓടിപ്പിച്ചു
ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച് സ്കൂളിന് ചുറ്റും ഓടിപ്പിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സോനഭദ്ര ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഇലക്‌ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഹൈസ്കൂളിലാണ് കുരുന്നുകളോടുള്ള ക്രൂരത.
എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളെയാണ് സ്കൂളിന് ചുറ്റും ഓടിപ്പിച്ചത്. വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രധാന അധ്യാപികക്കെതിരായ നടപടി. എന്നാല്‍ ആരോപണങ്ങള്‍ പ്രധാന അധ്യാപിക മീനാ സിങ് നിഷേധിച്ചു. സ്കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പാളെ സസ്പെന്‍ഡ് ചെയ്തു.
സംഭവം അന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബ്ലോക്ക് എജുക്കേഷന്‍ ഓഫീസര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
മുൻപ് പഠിച്ച് സംസ്കൃതം ശ്ലോകങ്ങള്‍ പറയാന്‍ കഴിയാത്തതിനാണ് പ്രധാന അധ്യാപകന്‍ കുരുന്നുകളെ ശിക്ഷിച്ചതെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ക്ലാസിന് പുറത്ത് നിര്‍ത്തി ആയിരുന്നു ആദ്യ ശിക്ഷ. തുടര്‍ന്ന് ചെവിയില്‍ കൈകള്‍ പിടിപ്പിച്ച് മുട്ടില്‍ കുനിച്ച് നിര്‍ത്തിച്ചും ശിക്ഷിച്ചു. തുടര്‍ന്നാണ് പവാട ഊരി സ്കൂളിന് ചുറ്റും ഓടിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ ശിക്ഷാവിധി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തിങ്കളാഴ്ച്ച സ്കൂളിലെത്തിയ മാതാപിതാക്കള്‍ പ്രിന്‍സിപ്പാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പവാട ഊരാന്‍ താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടില്ലെന്നാണ് സംഭവത്തില്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ശ്ലോകങ്ങള്‍ ചൊല്ലാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. ഹോംവര്‍ക്ക് ചെയ്യാത്ത കാര്യം മാതാപിതാക്കളെ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നും മീനാ സിങ് പറഞ്ഞു.