ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു

ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം ലോ അക്കാദമിയില്‍ കഴിഞ്ഞ 29 ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പ്രിന്‍സിപ്പില്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.
ക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി. പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മന്റ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും പൂര്‍ണമായും മാറ്റിയെന്നും യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന ചട്ടം അനുസരിച്ച് പുതിയ പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തുമെന്നും ഏതെങ്കിലും മാറ്റമുണ്ടായാല്‍ ഇതില്‍ വിദ്യാഭ്യാസമന്ത്രാലയവും സര്‍ക്കാരും ഇതില്‍ ഇടപെടുമെന്ന ഉറപ്പ് ലഭിച്ചെന്നും വിദ്യാര്‍ത്ഥി ഐക്യമുന്നണി പറഞ്ഞു.

ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികളും സിപിഐ നേതാക്കളായ വി.എസ് സുനില്‍ കുമാറും പന്ന്യന്‍ രവീന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. എ.ഐ.എസ്.എഫ്, കെ.എസ്.യു, എം.എസ്.എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളും എസ്.എഫ്.ഐ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന് വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞതിന്റെ രേഖ കാണിക്കണം, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ് ലഭിക്കണം, കോളേജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. ലക്ഷ്മി നായരെ എന്തുകൊണ്ട് മാറ്റുന്നു എന്ന കാര്യം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു. സമരത്തിന്റെ 28 ദിവസമായ ഇന്നലെ വിദ്യാര്‍ഥിസംഘടനകള്‍ ആത്മഹത്യാഭീഷണി വരെ മുഴക്കിയിരുന്നു. പെട്രൊള്‍ ഒഴിച്ചും മരത്തിന് മുകളില്‍ കയറിയുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ മന്ത്രിസഭായോഗം ചേര്‍ന്നപ്പോള്‍ സി.പി.ഐ ലോ അക്കാദമി വിഷയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി ആദ്യഘട്ട ചര്‍ച്ച നടത്തുകയും ഇതിന് ശേഷം വിദ്യാഭ്യാസമന്ത്രിയുമായും ചര്‍ച്ച നടത്തുകയുമായിരുന്നു.