Friday, April 26, 2024
HomeNationalഅയോധ്യ കേസ് സുപ്രീം കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടു

അയോധ്യ കേസ് സുപ്രീം കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടു

അയോധ്യ കേസ് സുപ്രീം കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെക്കുറിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞു.റിട്ടയേര്‍ഡ് ജഡ്ജ് എഫ്.എം ഖലീഫുള്ളയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അദ്ദേഹത്തെക്കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും. അയോധ്യ ഭൂമി തര്‍ക്കത്തിന്റെ ‘ശാശ്വതമായ പരിഹാരത്തിനായി’ സാധ്യത തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. രാം ജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന് ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച ഹര്‍ജിക്കാരന്‍ എതിര്‍ത്തിരുന്നു. ‘ഇത് മതപരവും വൈകാരികവുമായ വിഷയമാണ്, സ്ഥല തര്‍ക്കം മാത്രമല്ല’ എന്ന് ഹിന്ദു മഹാസഭയുടെ അഭിപ്രായം

‘നിങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു മുമ്ബ് അതിന്റെ തീരുമാനത്തെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ പറയുന്നത് അത് പരാജയമായിരിക്കുമെന്നാണ്. ഈ കേസ് ഹൃദയത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും ബന്ധങ്ങളുടെ മുറിവുണക്കുന്നതിനെക്കുറിച്ച്‌ കൂടിയാണ്’ എന്നായിരുന്നു ജസ്റ്റിസ് ബോബ്ദെ ഹിന്ദു മഹാസഭയ്ക്ക് നല്‍കിയ മറുപടി.ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നത് സംബന്ധിച്ചാണ് കേസ്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ 10 ഓളം അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മൂന്ന് പേര്‍ക്കായിട്ടാണ് അലഹബാദ് ഹൈക്കോടതി ഭൂമി വിതരണം ചെയ്തത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാമ വിഗ്രഹം എന്നിവര്‍ക്കായാണ് ഭൂമി വീതം വെച്ചത്. ദശരഥ രാജാവിന്റെ മകനായി ശ്രീരാമന്‍ ‘തര്‍ക്ക’ ഭൂമിയിലാണ് ജനിച്ചതെന്നായിരുന്നു ഹൈക്കോടതി വിധി. പള്ളി എന്നത് ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാനഘടകമല്ലെന്ന് 1994 ലെ വിധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിപുലമായ ബഞ്ചിന് വിടാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.മുന്നംഗ ബഞ്ചില്‍ ഒന്നിനെതിരെ രണ്ട് പേരുടെ ഭൂരിപക്ഷ വിധിയിലായിരുന്നു ഈ തീരുമാനം അന്നെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments