Wednesday, September 11, 2024
HomeKeralaകണ്ണന്താനത്തിന് കേരളത്തിൽ ബി.ജെ.പി സ്വീകരണം നൽകും

കണ്ണന്താനത്തിന് കേരളത്തിൽ ബി.ജെ.പി സ്വീകരണം നൽകും

നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നാദ്യമായി മന്ത്രിപദവി നേടിയ അൽഫോൻസ് കണ്ണന്താനത്തിന് കേരളത്തിൽ ബി.ജെ.പി സ്വീകരണം നൽകും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് നാളെ രാവിലെ 9.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംസ്ഥാന ഘടകം ആദ്യ സ്വീകരണം നൽകുന്നത്. കേന്ദ്ര മന്ത്രിപദവി നേടിയ കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ബി.ജെ.പി കേന്ദ്രങ്ങളിൽ ആഹ്ളാദപ്രകടനങ്ങളൊന്നും ഉണ്ടാകാതിരുന്നത് വിമർശനവിധേയമായിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വത്തിന്റെ കൂടെ ഇടപെടലോടെയാണ് ഇപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ സംസ്ഥാനഘടകം ഒരുങ്ങുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.

തുടർന്ന് എറണാകുളം ജില്ലാ നേതൃത്വത്തിൽ മൂവാ​റ്റുപുഴയിൽ സ്വീകരണം നൽകിയ ശേഷം കോട്ടയം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് ആനയിക്കും. കാഞ്ഞിരപ്പളളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് 1.30 ന് ദേശീയ നിർവാഹക സമിതിയംഗം പി .എസ് ശ്രീധരൻപിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപനം . തുടർന്നുള്ള യോഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്റിയ്ക്ക് ബി.ജെ.പി ജില്ലാ ഘടകം റെയിൽവേ സ്റ്രേഷനിൽ സ്വീകരണം നൽകും. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്റി വൈകിട്ട് തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും. 15 ന് ജന്മനാട്ടിൽ മന്ത്റിക്ക് കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്. അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ഓഡി​റ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർമാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്റി എം.എം മണി, ആന്റോ ആന്റണി എം.പി, പി .ജെ ജോസഫ് , എൻ. ജയരാജ് , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കൗൺസിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബി.ജെ.പി സ്വീകരണം നൽകുന്നുണ്ട്. തുടർന്ന് കണ്ണന്താനം ഡൽഹിയ്‌ക്ക് മടങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments